തിരുവനന്തപുരം: സംസ്ഥാനത്തെ പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ലൈസൻസ് ഇല്ലാതെ പാമ്പുപിടിച്ചാല്‍ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉടൻ പുറത്തിറക്കും. കഴിഞ്ഞ ദിവസം നാവായിക്കുളത്ത് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ച സാഹചര്യത്തിലാണിത്.
അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആറ് മാസമായി പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യം വനം വകുപ്പിന്‍റെ പരിഗണനയിലായിരുന്നു. ശാസ്ത്രീയമായും കൃത്യമായ സുരക്ഷ സംവിധാനങ്ങളോടെയും പാമ്പ് പിടിക്കുന്നവർക്ക് മാത്രമേ ലൈസൻസ് നൽകൂ. ഒരു വർഷം കാലാവധി നിശ്ചയിച്ചാകും ലൈസൻസ് നൽകുക. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ഉത്തരവ് ഇറങ്ങാനാണ് സാധ്യത. ഞായറാഴ്ച രാത്രിയാണ് നാവായിക്കുളത്ത് പാമ്പ് പിടിക്കുന്നതിനിടെ തോന്നയ്ക്കൽ സ്വദേശി സക്കീർ ഹുസൈൻ പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പിനെ പിടികൂടിയ ശേഷം നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെയാണ് സക്കീറിന് കടിയേറ്റത്. നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.