തിരുവനന്തപുരം : പിടി പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി സർക്കാർ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകിയ കത്തിലാണ് നിർദേശം. കലാകായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്ത് നിന്നും ഈ പരാതികൾ കേൾക്കാൻ ഇടയായിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കലാകായിക വിനോദങ്ങൾക്ക് പ്രത്യേക പീരിയഡ് അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അത് ലഭിക്കാറില്ല. മറ്റ് വിഷയങ്ങളുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനായി ഈ സമയം ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇത് കുട്ടികളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിനു തുല്യമാണെന്നും ഇത് സംബന്ധിച്ച് ബാലാവകാശ കമ്മിഷന് അടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പുതിയ അധ്യയന വർഷം മുതൽ കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പരിഗണന നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പ്രൈമറി ക്ലാസുകളിൽ അടക്കം വിദ്യാർഥികൾക്ക് കായികാധ്യാപകരെ നിയമിക്കുന്നതിനും ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനോടൊപ്പം കായിക വകുപ്പും കായിക വിദ്യാഭ്യാസത്തിന് പിന്തുണയുമായി കൂടെയുണ്ടെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ നേരത്തെ അറിയിച്ചിരുന്നു.
സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ 205 തന്നെ : സംസ്ഥാനത്തെ സ്‌കൂളുകൾ ഏപ്രിൽ ആറുവരെയാക്കി 210 പ്രവൃത്തി ദിനം എന്ന ലക്ഷ്യത്തോടെ ഇത്തവണ സര്‍ക്കാര്‍ പുതിയ അക്കാദമിക് കലണ്ടര്‍ പുറത്തുവിട്ടിരുന്നു. കലണ്ടര്‍ പ്രകാരം 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുെമെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ അധ്യാപക സംഘടനകള്‍ ഇതിനെതിരെ കടുത്ത വിയോജിപ്പുമായി രംഗത്തുവന്നതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.
തുടര്‍ന്ന് പ്രവൃത്തി ദിനം 205 എന്ന രീതിയില്‍ തുടരുമെന്നും ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആകെയുള്ള 52 ശനിയാഴ്‌ചകളിൽ 13 ശനിയാഴ്‌ചകൾ പ്രവൃത്തി ദിനങ്ങളായി തുടരാനും തീരുമാനമായി.
അക്കാദമിക കലണ്ടർ വിഷയത്തിൽ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയായ കെഎസ്‌ടിഎ അടക്കം രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യൂഐപി) മേൽനോട്ട സമിതിയിൽ ഉൾപ്പെട്ട അധ്യാപക സംഘടനകളുടെ യോഗം മന്ത്രി വിളിച്ചുചേർത്തത്. തുടർച്ചയായ രണ്ട് ശനിയാഴ്‌ചകൾ പ്രവൃത്തി ദിനമാകുന്ന മാർച്ച് 16, 23 അക്കാദമിക കലണ്ടറിൽ നിന്ന് ഒഴിവാക്കണമെന്ന് കെപിഎസ്‌ടിഎ യോഗത്തിൽ ആവശ്യപ്പെട്ടു.