തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിൽ ആശങ്ക അറിയിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. വ്യാഴാഴ്‌ചയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതടക്കം ചർച്ച ചെയ്യും.
വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്‌ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്‌ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സെപ്റ്റംബര്‍ 30 വരെ നഷ്‌ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്‌ടം 19 കോടിയാണെന്നും കത്തിൽ പറയുന്നു.
വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്‌ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിനെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. നഷ്‌ടപരിഹാരം സംബന്ധിച്ചും ചർച്ചയുണ്ടാകാനാണ് സാധ്യത.