തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതിയെ സമീപിക്കാമെന്ന അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ മാര്‍ഗം തേടുന്നതായ ആരോപണങ്ങള്‍ക്കിടെയാണ് സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
എഫ്‌സിആർഎ നിയമത്തിന്‍റെ ലംഘനം സംബന്ധിച്ച പരാതികളില്‍ സിബിഐക്ക് സ്വമേധയ കേസെടുക്കാന്‍ അധികാരമുണ്ട്. ഈ നിയമപ്രകാരമാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ സിബിഐ കേസെടുത്തിരിക്കുന്നത്. അതിനാല്‍ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുമോ എന്ന് നിയമവിദഗ്‌ധർക്ക് ആശങ്കയുണ്ട്. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കുകയാണെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.