തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സംസ്ഥാന സർക്കാരിനും അദാനിക്കും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുറമുഖ നിർമാണം കൊണ്ടല്ല കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് തീരശോഷണം എന്നാണ് അദാനി ഗ്രൂപ്പിന്‍റെ നിലപാട്. സംസ്ഥാന സർക്കാരും ഇതുതന്നെയാണ് പറയുന്നതെന്നും ഇരു കൂട്ടരും ചേർന്ന് സമരത്തെ ഇല്ലായ്‌മ ചെയ്യാനാണ് ശ്രമിക്കുന്നത്. അല്ലാതെ അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സമരത്തിനെതിരെ അദാനി കോടതിയെ സമീപിച്ചത് സർക്കാരിന്‍റെ അറിവോടെയാണ്. തുറമുഖ നിർമാണം പുരോഗമിക്കുമ്പോൾ 3000 വീടുകളിൽ എങ്കിലും ബാധിക്കുമെന്ന് അന്നത്തെ യുഡിഎഫ് സർക്കാർ കണക്കാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് 471 കോടിയുടെ പുനരധിവാസ പാക്കേജ് കൊണ്ടുവന്നത്. എന്നാൽ ഇപ്പോഴത്തെ സർക്കാർ അത് നടപ്പിലാക്കുന്നില്ല.
സര്‍ക്കാര്‍ സമരത്തെ ഗൂഢാലോചനയെന്ന് പറയുന്നു: അതിജീവനത്തിനായി നടത്തുന്ന സമരത്തെ ഗൂഢാലോചന എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിനെതിരെ ആര് സമരം ചെയ്‌താലും ഗൂഢാലോചന, നക്‌സല്‍, മാവോയിസ്റ്റ് എന്നീ സ്ഥിരം വാചകമാണ് മുഖ്യമന്ത്രിയുടെ ഓഫിസും എകെജി സെൻററും പ്രയോഗിക്കുന്നത്. വിഴിഞ്ഞം മേഖലയിൽ വ്യാപകമായ കടലാക്രമണമുണ്ട്.
സിമന്‍റ് ഗോഡൗണിൽ അടക്കം വർഷങ്ങളായി കിടക്കുന്നവരെ പുനരധിവസിപ്പിക്കണം. ഈ പ്രശ്‌നങ്ങളിൽ ഗൗരവത്തോടെ കാണുന്നതിന് പകരം തങ്ങൾക്കെതിരായ സമരം എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ തെറ്റായ സമീപനം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.