തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്ത് വന്നത്. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 22 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന പി.ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
ഗവർണറുടെ ആവശ്യപ്രകാരം ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ - സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നിരിക്കുന്നത്.