തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സില്‍ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണ്, നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ് എന്നിങ്ങനെയുള്ള പ്രതിപക്ഷത്തിന്‍റെ പരാതിയിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമം ഭേദഗതി ചെയ്യുന്നതിനുളള ഓര്‍ഡിനന്‍സ് മന്ത്രിസഭ ഗവര്‍ണര്‍ക്കയച്ചിരുന്നു. നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ യുഡിഎഫ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
യുഡിഎഫ് കക്ഷി നേതാക്കള്‍ ഗവര്‍ണറെ നേരിട്ട് സന്ദര്‍ശിച്ചാണ് പരാതി നല്‍കിയിത്. ലോകായുക്തയുടെ അന്തസത്തകളയുന്ന ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും അഭ്യര്‍ഥിച്ചിരുന്നു. നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്നും യുഡിഎഫ് ഉന്നയിച്ചിരുന്നു. യുഡിഎഫിന്‍റെ ഈ പരാതിയിലാണ് ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചത്.
ALSO READ: ഗര്‍ഭിണികളെ നിയമിക്കുന്നതിന് നിയന്ത്രണം: വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്.ബി.ഐ
ഓര്‍ഡിനന്‍സ് സംബന്ധിച്ച പരാതികള്‍ മുഖ്യമന്ത്രിക്കാണ് ഉടന്‍ വിശദീകരണമാവശ്യപ്പെട്ട് അയച്ചിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമാണ് നിലവിലെ നിയമമെന്ന് സര്‍ക്കാര്‍ നിലപാടിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്‍റ ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാകും ഓര്‍ഡിനന്‍സില്‍ ഒപ്പിടണമോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കുക.