തിരുവനന്തപുരം : കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സര്‍ക്കാര്‍ ഉത്തരവ്. യുജിസി നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.
സര്‍വകലാശാലയുടെ ചാന്‍സലറെ സ്‌പോണ്‍സറിങ് സമിതി നിയമിക്കണമെന്ന കല്‍പിത സര്‍വകലാശാല ചട്ടത്തിലെ വ്യവസ്ഥ ഉപയോഗിച്ചാണ് ഗവര്‍ണറെ നീക്കിയത്. ഉത്തരവനുസരിച്ച് ഇനി മുതല്‍ കലാസാംസ്‌കാരിക രംഗത്തെ വിശിഷ്‌ട വ്യക്തിയാകും ചാന്‍സലര്‍. ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ 5 വര്‍ഷത്തേക്കാണ് ചാന്‍സലറുടെ കാലാവധിയെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
ഒരിക്കല്‍ ചാന്‍സലറായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 75 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഒരു തവണകൂടി ചാന്‍സലര്‍ പദവി വഹിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ചാന്‍സലറുടെ അഭാവത്തില്‍ പ്രോചാന്‍സലര്‍ക്ക് ചാന്‍സലറുടെ ചുമതലകള്‍ നിര്‍വഹിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതോടെ ഇനി മുതല്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാല സംബന്ധിച്ച തീരുമാനങ്ങളെടുക്കുക സാംസ്‌കാരിക മന്ത്രിയാണെന്ന് വ്യക്തമായി.
ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഒപ്പ് വച്ചാലേ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരികയുള്ളൂ. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കിയുള്ള ഉത്തരവ് സാംസ്‌കാരിക വകുപ്പാണ് പുറത്തിറക്കിയത്.