തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ തുടര്‍ പരിശോധനയ്ക്ക് ഗവര്‍ണറിന്‍റെ ഉത്തരവ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി ലഭിക്കുന്നതിനായി സമര്‍പ്പിച്ച പ്രബന്ധത്തിന് മൗലികതയില്ലെന്നും കയില്‍ കിട്ടിയ ഉദ്ധരണികള്‍ അതേപടി പകര്‍ത്തിയെഴുത്തുകയായിരുന്നെന്നും ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അക്കാദമിക് വിദഗ്‌ധരുടെ പാനലിനെക്കൊണ്ട് പ്രബന്ധം പുനപരിശോധിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
മന്ത്രി നല്‍കിയ കുറിപ്പുകളിലെല്ലാം വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും തന്‍റെ ഗവേഷണം സാധൂകരിക്കാന്‍ ജലീല്‍ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തവയാണെന്നും ഇവയ്ക്ക് വേണ്ടത്ര സൂചികകള്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്രബന്ധം പകര്‍ത്തിയെഴുതിയതാണെന്ന ആക്ഷേപം ഒഴിവാക്കാനായി ഉദ്ധരണികള്‍ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നതെന്നും കമ്മിറ്റി പറയുന്നു.
2006ല്‍ കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക സാഹചര്യത്തില്‍ വൈസ് ചാന്‍സലറായിരുന്ന ഡോ. എം കെ രാമചന്ദ്രന്‍നായര്‍ ഇടപെട്ട് പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെകുറിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധത്തിലൂടെയാണ് ജലീല്‍ കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2006ല്‍ ഡോക്‌ട്രേറ്റ് സ്വന്തമാക്കിയത്.