തിരുവനന്തപുരം: തന്‍റെ ഉപവാസത്തിൽ രാഷ്ട്രീയം കാണരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിൽ രാഷ്‌ട്രീയം കാണാൻ ശ്രമിക്കുന്നത് ഇരുട്ടുമുറിയിൽ കറുത്ത പൂച്ചയെ തിരയുന്നത് പോലെയാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉപവാസം നടത്തിയതെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കരുതെന്നും ഗവർണർ പ്രതികരിച്ചു. വളരെ ശക്തമായ നിയമങ്ങളാണ് ഇവിടെയുള്ളതെന്നും പൊതു ജനങ്ങളിൽ ബോധവത്കരണം നടത്തി മാത്രമേ സ്ത്രീധന സമ്പ്രദായത്തെ ഇല്ലായ്‌മ ചെയ്യാനാകൂ എന്നും ഗവർണർ കൂട്ടിച്ചേർത്തു.
Also Read: സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരുടെ ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും നേരത്തെ ഗവർണർ പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകുമെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് വിദ്യാർഥികളിൽ നിന്ന് ബോണ്ട് എഴുതി വാങ്ങണമെന്നും ഗവർണർ പറഞ്ഞിരുന്നു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ദിവസത്തെ ഉപവാസ സമരത്തിൽ പങ്കെടുത്തത്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ഉപവാസം. കേരള ഗാന്ധി സ്‌മാരക നിധിയുടെയും ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ഉപവാസം സംഘടിപ്പിച്ചത്.