തിരുവനന്തപുരം: സജി ചെറിയാന്‍റെ മന്ത്രി പദത്തെ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം ഗവർണർക്ക് തള്ളാൻ ആകില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണം തേടാം എന്നുമാണ് നിയമോപദേശം. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ തിരികെ വരുന്നതിനെ സംബന്ധിച്ച് നൽകിയ കത്തിൻമേലാണ് രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോട് ഗവർണർ നിയമോപദേശം തേടിയിരുന്നത്.
അതേസമയം നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. നാലാം തീയതിയാണ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിൽ സജി ചെറിയാൻ ഭരണഘടനയെ പറ്റി വിവാദ പ്രസംഗം നടത്തിയത്. ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ ജൂലൈ ആറിന് തന്‍റെ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തതെന്നും അവഹേളിക്കാൻ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല എന്നും തിരുവല്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് നല്‍കിയിരുന്നു. തിരുവല്ല കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് സജി ചെറിയാന്‍റെ മന്ത്രിപദത്തെ സംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
തുടർന്ന് സജി ചെറിയാനെ മന്ത്രിസഭയിൽ എടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അറിയിച്ചു.