തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ ഇന്ത്യയെന്ന പേര് ഒഴിവാക്കി ഭാരതമാക്കി മാറ്റുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭാരത് എന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ട് പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ശിശുക്ഷേമ സമിധി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ സംഭവത്തിലും ഗവർണർ വിശദീകരണം നൽകി. ശിശുക്ഷേമ സമിതിക്കെതിരെ ഉയർന്നത് ഗുരുതരമായ പരാതികളാണെന്ന് ഗവർണർ. പരാതികൾ ധാരാളം ലഭിച്ചിട്ടുണ്ട്. അവ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കൈമാറി. അവർ നൽകിയ മറുപടിയിൽ ഗവർണർ രക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറുന്നതാണ് നല്ലതെന്ന് സൂചിപ്പിച്ചു. ഉയർന്ന പരാതികളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും ഗവർണർ വ്യക്തമാക്കി.
ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥിതയിലും പ്രതിഷേധിച്ച് സ്ഥാനമൊഴിയുന്നതായി രാജ്ഭവൻ രേഖാമൂലമാണ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഏതാനും ദിവസം മുമ്പ് തന്നെ രേഖാമൂലം സർക്കാരിന് കത്ത് അയച്ചിരുന്നു. രാജ്ഭവൻ കത്ത് നൽകിയെങ്കിലും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർക്കാർ വേറെ വഴിക്ക്: എൻസിഇആർടി വിഷയത്തിൽ ഇന്ത്യയെന്ന പേര് നിലനിർത്തികൊണ്ട് തന്നെ എൻസിഇആർടിയുടെ പാഠപുസ്‌തകങ്ങൾ സ്വന്തം നിലയ്‌ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് നിലപാട് വ്യക്തമാക്കും. വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
നേരത്തെ എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി എസ്‌സിഇആര്‍ടി പുതിയ പാഠപുസ്‌തകങ്ങൾ ഇറക്കിയിരുന്നു. എൻസിഇആർടി ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ്. സിബിഎസ്ഇ പുസ്‌തകങ്ങളില്‍ അടുത്ത വർഷം മുതല്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്നാണ് ശുപാർശ നൽകിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള പാഠപുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദേശം നൽകിയിരിക്കുന്നത്. ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശ ചെയ്‌തിട്ടുണ്ട്.