തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. ഇത് സംബന്ധിച്ച് വിജിലൻസ് സമർപ്പിച്ച ഫയലിൽ ഗവർണർ ഒപ്പുവെച്ചു. അഴിമതി നിരോധന നിയമം 17 (എ) പ്രകാരമാണ് ഗവർണറുടെ അനുമതി. അനുമതി നൽകിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. വിജിലൻസ് സമർപ്പിച്ച ഫയൽ മൂന്ന് മാസമായി ഗവർണർ അനുമതി നൽകാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിക്ക് മുൻകൂർ പണം നൽകിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു. മുൻകൂർ പണം നൽകിയത് ഇബ്രാഹിം കുഞ്ഞിന്‍റെ നിർദേശപ്രകാരമെന്ന് സൂരജ് വിജിലൻസിന് മൊഴി നൽകി. ഗ്യാരന്‍റി വ്യവസ്ഥയിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയതിലും മന്ത്രിയുടെ ഇടപെടലുണ്ടായതായി ടി.ഒ സൂരജ് മൊഴി നൽകി. ഇതോടെ അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് ഗവർണറുടെ അനുമതി തേടിയത്.
മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമുണ്ടെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി ഫയൽ സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ ഗവർണറുടെ ഓഫീസ് തേടിയിരുന്നു. തുടർന്ന് ടി.ഒ സൂരജിന്‍റെ മൊഴി ഉൾപ്പെടെയുള്ള തെളിവുകൾ വിജിലൻസ് കോട്ടയം റേഞ്ച് എസ്.പി വി.ജി വിനോദ് കുമാർ ഗവർണർക്ക് കൈമാറി.
പാലാരിവട്ടം കേസ് ഹൈക്കോടതി പലതവണ പരിഗണിച്ചപ്പോൾ വിജിലൻസ് ഇക്കാര്യം അറിയിച്ചിരുന്നു. കരാർ വ്യവസ്ഥയിൽ ഇല്ലാതിരുന്നിട്ടും നിർമാണ കമ്പനിക്ക് മുൻകൂർ പണം നൽകിയ കേസിലാണ് അനുമതി. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് വിജിലൻസിന് ഇനി കടക്കാം. എന്നാൽ പ്രാഥമിക അന്വേഷണത്തിനും ഗവർണറുടെ അനുമതി ആവശ്യമാണെന്നും ഈ അനുമതിയാണ് ഗവർണർ നൽകിയതെന്നും ഒരു വിഭാഗം നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.