തിരുവനന്തപുരം: സുപ്രീംകോടതി നിയമനം റദ്ദാക്കിയ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പകരം താല്‍കാലിക വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചടിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ഡോ. സിസാ തോമസിന് എ.പി.ജെ അബ്‌ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല നല്‍കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയാണ് ഗവര്‍ണര്‍ പുതിയ വൈസ് ചാന്‍സലറെ നിയമിച്ചതെന്നതാണ് ശ്രദ്ധേയം.
യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനം നേടിയ ഡോ.എം.എസ്.രാജശ്രീയുടെ നിയമനം ഒക്‌ടോബര്‍ 21ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെ സംസ്ഥാനത്തെ എട്ട് വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കാലാവധി കഴിഞ്ഞ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പകരം വിസിയെ കണ്ടെത്താന്‍ വേണ്ട സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയ 15 ഇടതു സെനറ്റ് മെമ്പര്‍മാരെ ഗവര്‍ണര്‍ പിരിച്ചു വിടുകയും ചെയതു. ഈ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇപ്പോള്‍ ഹൈക്കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.
വെള്ളിയാഴ്‌ച വീണ്ടും സെനറ്റ് യോഗം ചേരാനിരിക്കുകയുമാണ്. കേരള സര്‍വകലാശാലയുടെയും താല്‍കാലിക വിസി നിയമനം ഗവര്‍ണര്‍ നടത്തിക്കഴിഞ്ഞു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിനാണ് കേരള സര്‍വകലാശാല വി.സിയുടെ താല്‍കാലിക ചുമതല.