തിരുവനന്തപുരം: സർക്കാരുമായി സംഘർഷത്തിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിലും എളുപ്പം വഴങ്ങില്ല. ഇത്തരത്തിലൊരു സൂചനയാണ് ഗവർണർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ നൽകിയത്. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അപേക്ഷ രാജ്ഭവനിലെത്തിയിട്ടുണ്ട്. ഈ കത്ത് കണ്ടിട്ടില്ല.
ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാണ് അന്ന് മുഖ്യമന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ടത്. ഇപ്പോൾ ആ സാഹചര്യത്തിൽ എന്ത് മാറ്റം സംഭവിച്ചു എന്ന് വിലയിരുത്തപ്പെടേണ്ടതാണെന്നും ഗവർണർ പറഞ്ഞു.
സാഹചര്യങ്ങൾ എങ്ങനെ മാറി എന്ന് പരിശോധിക്കണം. ഭരണഘടനയെ അപമാനിച്ചു എന്ന ആരോപണം സാധാരണ സാഹചര്യമല്ല. നിയമോപദേശം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.
നാലാം തീയതിയാണ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞക്ക് സർക്കാർ സമയം ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നാളെ ഗവർണറുടെ തീരുമാനമുണ്ടാകും.