തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ പി.എസ്.സി പരീക്ഷ ഹാളുകളില്‍ ഇന്‍വിജിലേറ്ററുമാരായി അധ്യപകരെ മാത്രമെ നിയമിക്കാവുവെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. പി.എസ്.സി ആവശ്യപ്പെടുന്നതിനനുസരിച്ച് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പരീക്ഷ നടത്തിപ്പിനായി സ്ഥാപന മേധാവികള്‍ അനുമതി നല്‍കണം.
ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. പരീക്ഷയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ട് നല്‍കുന്നതിന് സ്ഥാപന മേധാവികള്‍ വിസമ്മതിക്കുന്നതും ചീഫ് സൂപ്രണ്ട് അടക്കമുള്ളവര്‍ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് മാത്രം എത്തുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് പി.എസ്.സി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനിടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ഉത്തരവെന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍.