തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തിന്‍റെ വേഗത കൂട്ടാന്‍ നടപടികളുമായി സര്‍ക്കാര്‍. ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്താന്‍ ഇന്ന് (ഏപ്രിൽ 27) ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ഫയലുകളിലെ വേഗക്കുറവ് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കത്തില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ അഡിഷണല്‍ സെക്രട്ടറി വരെയുള്ള ഓഫിസര്‍മാരുടെ ഫയല്‍ പരിശോധന തലങ്ങള്‍ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകള്‍ സംബന്ധിച്ചും രൂപരേഖ തയാറാക്കും.
നയപരമായ തീരുമാനം, ഒന്നില്‍ കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയങ്ങള്‍ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നത തലത്തില്‍ വിശദമായി പരിശോധിക്കും. ഫയല്‍ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥര്‍ എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
മറ്റ് മന്ത്രിസഭ യോഗ തീരുമാനങ്ങള്‍: കേരള പബ്ലിക് എന്‍റര്‍പ്രൈസസ് സെലക്ഷന്‍ ആൻഡ് റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേന നിയമനം വ്യവസ്ഥ ചെയ്‌തിട്ടില്ലാത്ത തസ്‌തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് പുതിയ ബോര്‍ഡ് രൂപീകരിക്കുന്നത്.
ശമ്പളപരിഷ്‌കരണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാര്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചു.
ഗവൺമെന്‍റ് പ്ലീഡര്‍: ആലപ്പുഴ ജില്ല ഗവൺമെന്‍റ് പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി വി വേണു മനയ്ക്കലിനെ നിയമിക്കാന്‍ തീരുമാനിച്ചു.
ജുഡീഷ്യല്‍ ഓഫിസര്‍മാർ: പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ നിലവിലുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കും. വിരമിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
ധനസഹായം: വാസയോഗ്യമല്ലാതായ കണ്ണൂര്‍ മൊടപ്പത്തൂര്‍ സ്വദേശി രാഘവന്‍ വയലേരിക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 95,100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,04,900 രൂപയും ചേര്‍ത്താണിത്.
വീടിന്‍റെ അടിഭാഗത്തേക്ക് വലിയ വിസ്‌തൃതിയില്‍ ഗുഹ രൂപപ്പെട്ടിട്ടുണ്ടെന്നും ഏത് സമയത്തും അപകടം സംഭവിക്കാമെന്നും ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ ബോധ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഷ്‌ടപരിഹാരം.
ALSO READ: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളം; ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്തിലേക്ക്