തിരുവനന്തപുരം: പെരിങ്ങമലയില്‍ ഖര മാലിന്യപ്ലാന്റ് സ്ഥാപിക്കില്ലെന്ന് എല്‍ഡിഎഫ് പ്രതിനിധി സംഘത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മാലിന്യപ്ലാന്‍റ് തത്വത്തില്‍ മാറ്റാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പ്രതിനിധിസംഘം അറിയിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മാലിന്യപ്ലാന്റ് മാറ്റാന്‍ തീരുമാനിച്ചത്. അതേസമയം സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സമരസമിതി.
പെരിങ്ങമലയിലെ ജില്ലാകൃഷിത്തോട്ടത്തിന്‍റെ ഭാഗമായ അതീവ പാരിസ്ഥിതിക മേഖലയിലാണ് മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പ്ലാന്‍റിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശവാസികള്‍ സമരത്തിലാണ്. സമരം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായതിന്‍റെ സൂചകമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ കാവല്‍ സത്യാഗ്രഹവും പ്ലാന്റിനെതിരെയുള്ള ജനങ്ങളുടെ വികാരം വ്യക്തമാക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. വാമനപുരം എംഎൽഎ ഡി കെ മുരളിയുടെ നേതൃത്വത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജനവികാരം മാനിച്ച് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നായിരുന്നു പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
മാലിന്യപ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം സ്ഥലം എംപിയുടെ ആവശ്യപ്രകാരം കേന്ദ്രത്തില്‍ നിന്നും നിര്‍ദിഷ്ട പ്ലാന്റിനെതിരായ തീരുമാനമുണ്ടായാല്‍ അത് രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ പ്ലാന്റില് നിന്നും പിന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷ ആക്ഷേപം.