തിരുവനന്തപുരം : സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ വര്‍ധിപ്പിച്ച ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഇടപെട്ട് കുറച്ചിട്ടുണ്ട്. സപ്ലൈകോയില്‍ 13 ഉത്പന്നങ്ങള്‍ക്ക് ആറ് വര്‍ഷമായി വില കൂടിയിട്ടില്ല. സപ്ലൈകോയില്‍ 35 ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കുറവാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ 50 ശതമാനം കിഴിവിലാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കുന്നത്.
സാധാരണ ജനങ്ങളെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി വില നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വിപണിയില്‍ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. തെങ്കാശിയില്‍ കേരള തമിഴ്‌നാട് ഉദ്യോഗസസ്ഥര്‍ യോഗം ചേര്‍ന്ന് പച്ചക്കറി എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
Also Read: സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ല; പച്ചക്കറി വിലയില്‍ വീണ്ടും വന്‍ വര്‍ധന
എന്നാല്‍ ഇടനിലക്കാര്‍ ഇതിനെ അട്ടിമറിക്കുന്നതായാണ് ആക്ഷേപം. പച്ചക്കറിക്ക് ക്ഷാമം ഉണ്ടെന്ന വാദമാണ് ഇടനിലക്കാര്‍ ഉയര്‍ത്തുന്നത്. ഇതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. കര്‍ണാടകത്തിലെ മൊത്തവിപണിയിലും ക്ഷാമമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തക്കാളിക്ക് മാര്‍ക്കറ്റില്‍ കിലോക്ക് 120 രൂപ വരെയായി. വെണ്ടക്കക്ക് വില 80 രൂപക്ക് മുകളിലെത്തി. മുരിങ്ങക്ക, വെള്ളരി, കാബേജ് എന്നിവയുടെ വിലയിലും കഴിഞ്ഞ മൂന്നാഴ്ചയായി വന്‍ വര്‍ധനവാണ് ഉണ്ടായത്. പച്ചക്കറി വില നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.