തിരുവനന്തപുരം: സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നത് വിലക്കി സർക്കാർ ഉത്തരവ്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിൻ്റെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
സർക്കാർ ജീവനക്കാർക്ക് യുട്യൂബ് ചാനൽ തുടങ്ങുന്നതിനുള്ള അനുമതി നൽകുന്നതിന് നിലവിലെ ചട്ടപ്രകാരം സാധിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം മൂന്നിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജീവനക്കാർ ഇത്തരം യുട്യൂബ് ചാനലുകൾ വഴി അധിക വരുമാനം കണ്ടെത്തിയേക്കാമെന്ന കാരണത്താലാണ് വിലക്കെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ കലാപ്രവർത്തനത്തിനുള്ള അനുമതി തേടി അഗ്നിരക്ഷാസേന സമർപ്പിച്ച അപേക്ഷയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുന്നത്.