തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് സർക്കാർ പ്രഖ്യാപിച്ച തറവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 16 വിളകൾക്കാണ് തറവില ലഭ്യമാക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില നടപ്പാക്കുന്നത്. നേന്ത്രക്കായ, ഉരുളക്കിഴങ്ങ്, കാരറ്റ്, മരച്ചീനി,വെണ്ട, കുമ്പളങ്ങ, പാവയ്ക്ക, തക്കാളി, കൈതച്ചക്ക, വെളുത്തുള്ളി, പടവലം, വെള്ളരി, കാബേജ്, ബീറ്റ്റൂട്ട്, ബീൻസ്, പയർ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ തറവില ലഭ്യമാക്കുക. കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കർ സ്ഥലത്തെ കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. വിപണിവില നിശ്ചിത വിലയെക്കാൾ കുറഞ്ഞാൽ വിള കൃഷി വകുപ്പ് സംഭരിച്ച് തറവില കർഷകന്‍റെ അക്കൗണ്ടിൽ നൽകും.
കാലാകാലം തറവില പുതുക്കാനും വ്യവസ്ഥയുണ്ട്. വില നിശ്ചയിക്കുന്നത് ഉത്പന്നത്തിന്‍റെ ഗുണനിലവാരം കൂടി കണക്കിലെടുത്താണ്. സംഭരണ വേളയിൽത്തന്നെ വിളകളുടെ ഗ്രേഡ് നിശ്ചയിക്കും. കൃഷിവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും സഹകരണ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർ വിള ഇൻഷുർ ചെയ്ത ശേഷം കൃഷിവകുപ്പിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് തൽക്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ല.
സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്‍റെ വിപണികൾ വഴിയും പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വിറ്റഴിക്കും. സംസ്ഥാനത്തെ കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് ഈ തീരുമാനം വഴിയൊരുക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.