തിരുവനന്തപുരം: സര്‍വകലാശാല വിസി നിയമനത്തിന്‍റെ പേരില്‍ ദീര്‍ഘകാലമായി സംസ്ഥാനത്ത് തുടര്‍ന്നു വന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് അവസാനിക്കുന്നു. ഭരണഘടനയെ അവഹേളിച്ചതിന്‍റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന സജി ചെറിയാന്‍റെ മന്ത്രിസഭ പുനഃപ്രവേശനത്തിന് ഗവര്‍ണര്‍ പച്ചക്കൊടി കാട്ടിയതിന് പ്രത്യുപകാരമായി നേരത്തെ സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബര്‍ 13ന് അവസാനിച്ച 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കും.
ജനുവരിയില്‍ ഗവര്‍ണറുടെ വിജ്ഞാപനത്തോടെ പുതിയ സമ്മേളനം ആരംഭിക്കും. ജനുവരിയിലെ പുതിയ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്നാണ് ചട്ടം. സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കാതെ ജനുവരിയില്‍ അതേ സമ്മേളനം പുനഃരാരംഭിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ജനുവരിയില്‍ അതേ സമ്മേളനം പുനഃരാരംഭിക്കുക വഴി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിസി നിയമനം സംബന്ധിച്ച സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെ ഡിസംബര്‍ 13ന് അവസാനിച്ച സമ്മേളനത്തില്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കം ചെയ്‌തു കൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കി.
ഈ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പിടിച്ചു വച്ചിരിക്കുന്നതിനു പിന്നാലെയാണ് സജി ചെറിയാന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയും മന്ത്രിസഭയിലേക്ക് വീണ്ടും കടന്നു വരാന്‍ അവസരമൊരുങ്ങുകയും ചെയ്‌തത്. എന്നാല്‍ ഭരണഘടനയെ അവഹേളിച്ചതിന്‍റെ പേരില്‍ മന്ത്രിസഭയില്‍ നിന്നു പുറത്തുപോയ ഒരാള്‍ക്ക് വീണ്ടും ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്യാന്‍ ഭരണഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍ അനുമതി നല്‍കുമോ എന്ന് ആശങ്ക ഉയര്‍ന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ തീരുമാനിച്ച് പൊതുഭരണ വകുപ്പ് ഗവര്‍ണറോട് അനുമതി തേടി.
ആദ്യം അനുമതി നല്‍കില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ വിളിച്ചതോടെ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയാറായി. കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്‍റെ ഭാവിയെ ആശ്രയിച്ചായിരിക്കും സജി ചെറിയാന്‍റെ ഭാവിയെന്നും ഇക്കാര്യത്തില്‍ രാജ്ഭവന് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് അറിയിച്ചതായും രാജ്ഭവന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ജനുവരി 4ന് വൈകിട്ട് 4ന് രാജ്ഭവന്‍ സത്യപ്രതിജ്ഞയ്ക്ക് സമ്മതിക്കുകയും ചെയ്‌തു.
ഇതിനു പിന്നാലെ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വേണ്ടെന്നു വച്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗവര്‍ണര്‍ ഇക്കാര്യം മുന്നോട്ടു വയ്ക്കുകയും മുഖ്യമന്ത്രി ഇക്കാര്യം അംഗീകരിക്കുകയും ചെയ്‌തു എന്നാണ് സൂചന. ബിജെപി നിയമിച്ച ഗവര്‍ണറുമായി പോരിലെന്ന പ്രതീതി സൃഷ്‌ടിക്കുകയും ആവശ്യം വരുമ്പോള്‍ ഇരുവരും ഒന്നിക്കുകയും ചെയ്യുക പതിവാണെന്ന പ്രതിപക്ഷ ആരോപണത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്ന ഒടുവിലത്തെ സംഭവമായി ഇത് മാറി. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമര്‍ശനം സര്‍ക്കാരും ഗവര്‍ണറും നേരിടേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.