തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ബജറ്റ് അവതരിപ്പിച്ചതിന്‍റെ മൂന്നാം ദിവസമായ ഫെബ്രുവരി ഏഴിനാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) ബജറ്റില്‍ ഗവര്‍ണറുടെ യാത്രയ്ക്ക് അനുവദിച്ചിരുന്ന തുക തീര്‍ന്നതോടെയാണ് അധികമായി തുക അനുവദിച്ചത്. കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ സംസ്ഥാനം കടന്ന് പോകുന്നതിനാല്‍ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാത്രമേ ട്രഷറിയിലൂടെ മാറാന്‍ സാധിക്കൂ. ഇതിന് ഇളവ് വരുത്തിയാണ് ഗവര്‍ണര്‍ക്ക് വിമാനയാത്രപ്പടി അനുവദിച്ചത്.
ഇതിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതിയുടെ ആവശ്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴിയാണ് ഗവര്‍ണര്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുത്തിരുന്നത്. ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് ചെലവായ 30 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2022 ഡിസംബര്‍ 30ന് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പൊരിഞ്ഞ പോരിന്‍റെ സമയമായതിനാല്‍ അപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ല.
ജനുവരി ഒമ്പതിന് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗം ഇതു സംബന്ധിച്ച ഫയല്‍ ധനവകുപ്പിന് കൈമാറി. ഫിനാന്‍സ് എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം ഗവര്‍ണറുടെ ആവശ്യം പരിശോധിച്ച് ഫയല്‍ ധനമന്ത്രി ബാലഗോപാലിന് കൈമാറി. എന്നാല്‍ തന്നെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ധനമന്ത്രി ബാലഗോപാലിന് തന്‍റെ പ്രീതി പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയെ അറിയിച്ചതോടെ ഫയല്‍ ധനമന്ത്രി പിടിച്ചുവച്ചു.
പിന്നാലെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സുഗമമായി നിയമസഭയില്‍ വായിക്കുകയും ഈ സര്‍ക്കാര്‍ തന്‍റേത് കൂടിയാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് കൂടി ഗവര്‍ണര്‍ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞതോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് ശമനമായി. ഇതിന് പിന്നാലെയാണ് യാത്ര തുക അനുവദിക്കാന്‍ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിര്‍ദേശം നല്‍കുന്നത്.
തുടര്‍ന്ന് ജനുവരി 24ന് എക്‌സ്‌പെന്‍ഡിച്ചര്‍ വിങ് ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് ബജറ്റ് വിങിനോട് ആവശ്യപ്പെട്ടുള്ള ഫയല്‍ കൈമാറി. ജനുവരി 26ന് രാജ്ഭവനില്‍ നടന്ന അറ്റ് ഹോം വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. ഇതിനിടെ ബജറ്റ് തയാറെടുപ്പിലേക്ക് ബജറ്റ് വിങ് കടന്നതിനാല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വിങ് നല്‍കിയ ഫയല്‍ തീര്‍പ്പായില്ല. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഫെബ്രുവരി ഏഴിന് തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് ബജറ്റ് വിങ് പുറത്തിറക്കുകയായിരുന്നു.