തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ ഡോട്ട് കോമിൽ അപ്‌ലോഡ് ചെയ്യണമെന്ന നിർദേശത്തിൽ നിന്നും സർക്കാർ പിൻമാറി. വിവരങ്ങൾ ഇനി ഈ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യരുതെന്ന് തദ്ദേശഭരണ സെക്രട്ടറി ഉത്തരവിറക്കി. വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്ത് വന്നിരുന്നു. തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കമ്പനിക്ക് എങ്ങനെ ഈ കരാർ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി സൗജന്യമായാണ് സേവനം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത് പോലെ സ്പ്രിംഗ്ളർ ഒരു പി.ആർ.കമ്പനിയല്ലെന്നും മുഖ്യമന്ത്രി ശനിയാഴ്‌ചത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്.ശബരീനാഥനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.