തിരുവനന്തപുരം: ബ്യൂട്ടി പാർലർ നടത്തുന്ന ഗോപിക റാണിക്ക് തന്‍റെ കസ്റ്റമേഴ്‌സിനോടും നാട്ടുകാരോടും ഇപ്പോൾ പറയാനും ചോദിക്കാനും ഒന്നേയുള്ളൂ.. ഒരു വോട്ടു നൽകി തന്നെയും പാർട്ടിയെയും വിജയിപ്പിക്കണമെന്ന്.. പാറശാല ഗ്രാമപഞ്ചായത്തിലെ പൗതിയാൻവിള വാർഡിലെ എൻഡിഎ സ്ഥാനാർഥിയാണ് ഗോപിക റാണി. മഹിളാമോർച്ചയുടെ പാറശാല ജനറൽ സെക്രട്ടറിയുമാണ് ഗോപിക. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ചമയ തൊഴിലും സ്വീകരിച്ച സമയത്താണ് പാർട്ടി ടിക്കറ്റിൽ ജനവിധി തേടാൻ ഗോപികയ്ക്ക് അവസരം കിട്ടിയത്.
സ്വന്തം തൊഴിൽ പോലെ തന്നെ പൊതുജനസേവനവും ഗോപികയ്ക്ക് പ്രിയപ്പെട്ട മേഖലയാണ്. അതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഗോപിക തയ്യാറായത്. എന്നാൽ ആളുകളുടെ മുഖം മിനുക്കുന്നതു പോലെ അത്ര എളുപ്പമല്ല മനസിൽ കയറാനെന്ന് ഗോപിക പറയുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് നേടിയ വാർഡിൽ എൻഡിഎയുടെ വിജയം സഫലമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ. എൽഡിഎഫിനായി എസ്. വീണയും യുഡിഎഫിനായി വസന്തയുമാണ് മത്സര രംഗത്തുള്ളത്.