തിരുവനന്തപുരം : പോത്തൻകോട് കല്ലൂരിൽ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) ആണ് വെട്ടേറ്റുമരിച്ചത്. അക്രമിസംഘം സുധീഷിന്‍റെ കാൽ അറുത്തെടുത്തു.
ശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡില്‍ വലിച്ചെറിഞ്ഞു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാൽ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടിൽ കയറിയെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുപ്രവേശിച്ചാണ് വെട്ടിയത്.
നാടൻ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്‌ടിച്ച സംഘം പരിസരവാസികളെ വാളും മഴുവുമടങ്ങുന്ന ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് സുധീഷിന്‍റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. കുട്ടികളുടെ മുന്നിൽവച്ചായിരുന്നു അക്രമങ്ങള്‍. ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം.
മംഗലപുരം ആറ്റിങ്ങൽ സ്‌റ്റേഷനുകളിൽ വധശ്രമ-അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ എത്തിക്കുംവഴി സുധീഷ് പൊലീസിനോട് പറഞ്ഞു.
ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ, റൂറൽ എസ് പി പി.കെ മധു എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.