തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസിസി അംഗത്തിന്‍റെ വീട്ടിൽ ഗുണ്ടകൾ ഒത്തു ചേർന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടിലാണ് ഈ മാസം ഒന്നാം തിയതി ഗുണ്ടകൾ ഒത്തു ചേർന്നത്. ഒത്തു ചേരലിന്‍റെ ചിത്രങ്ങൾ പുറത്തു വന്നു. ഗുണ്ടകൾ ഒത്തു ചേർന്നതിൽ അസ്വാഭാവികതയുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസമാണ് ഒത്തു ചേരലുണ്ടായതെന്നതും സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
വെഞ്ഞാറമൂട് കൊലപാതകങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആന്നെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപണം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ചേന്തി അനിയുടെ വീടിന് മുമ്പിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ കേസിൽ അന്വേഷണം നടക്കുകയാണ്. ഒരുമിച്ച് ബൈക്കിലെത്തിയ ഗുണ്ടകൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. വെട്ടേറ്റ ശരത് ലാൽ ചേന്തി അനിയുടെ വീട്ടിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ദീപു എന്ന ഗുണ്ടയാണ് ശരത്തിനെ വെട്ടിയത്. നഗരസഭ കൗൺസിലർ വി.ആർ സിനിയുടെ ഭർത്താവാണ് ചേന്തി അനി.