തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം ഓൺലൈൻ വഴിയാക്കുന്നതിനായി സർക്കാര്‍ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ബെവ് ക്യു ആപ്പിന് ഗൂഗിൾ അനുമതി നൽകി. ആപ്പ് പ്ലേ സ്റ്റോറിൽ ഉടന്‍ ലഭ്യമാകും. രണ്ടു ദിവസത്തിനകം ഓൺലൈനായി മദ്യ വിതരണം ആരംഭിക്കും. അതിനിടെ എസ്എംഎസ് നിരക്ക് നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി മൊബൈൽ കമ്പനികളുടെ യോഗം വിളിച്ചു.
ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ആപ്പ് തയ്യാറാകുന്നത്. ഗൂഗിൾ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടർന്നായിരുന്നു പ്രതിസന്ധി. ഇതോടെ കഴിഞ്ഞയാഴ്ച ആരംഭിക്കാനിരുന്ന മദ്യ വില്‍പനയും നീണ്ടു. മുൻപരിചയമില്ലാത്ത കമ്പനിക്ക് നൽകിയതാണ് ആപ്പ് വൈകാൻ കാരണമെന്ന് ആരോപണവും ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണവും ഉയരുന്നതിനിടെയാണ് ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.