തിരുവനന്തപുരം : മണക്കാട് (manacaud) വീട്ടില്‍ നിന്നും 87 പവന്‍ സ്വര്‍ണം കവര്‍ച്ച (Gold theft) നടത്തിയ പ്രതി പിടിയില്‍. വള്ളക്കടവില്‍ താമസിക്കുന്ന ഷെഫീഖ് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായത്. പട്ടം പൊട്ടക്കുഴിക്ക് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ആര്‍ ബാലസുബ്രഹ്മണ്യ അയ്യരുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. ബാലസുബ്രഹ്മണ്യന്‍റെ മകന്‍റെ ഉപനയന ചടങ്ങിന് ശേഷം കുടുംബം വീട് പൂട്ടി തൃച്ചന്തൂരിലേക്ക് തീര്‍ഥയാത്ര പോയതിനിടെയായിരുന്നു കവര്‍ച്ച നടന്നത്. തീര്‍ഥയാത്രക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോഴായിരുന്നു മോഷണം നടന്നതായി അറിഞ്ഞത്.
സുബ്രഹ്മണ്യന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 58.5 പവന്‍റെ ആഭരണങ്ങളും മകന്‍റെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 29 പവന്‍ ആഭരണങ്ങളുമായിരുന്നു മോഷണം പോയത്. സംഭവം നടന്നതിന് ശേഷം പൊലീസിന്‍റെ ഫിംഗര്‍പ്രിന്‍റ് വിദഗ്‌ധസംഘം എത്തി പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ മുന്‍പ് മോഷണക്കേസുകളിലും ബലാത്സംഗ കേസുകളിലും പ്രതിയായ ആളാണ്.
വീട്ടിലെ അലമാരയില്‍ നിന്നായിരുന്നു പൊലീസിന് ഇയാളുടെ വിരലടയാളം ലഭിച്ചത്. പൊലീസിന്‍റെ സ്ഥിരം കുറ്റവാളികളുടെ ഡാറ്റാബേസില്‍ നിന്നാണ് മോഷണം നടത്തിയത് ഷെഫീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. ഷെഫീഖിന്‍റെ വിരലടയാളം നേരത്തെ തന്നെ പൊലിസിന്‍റെ പക്കലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പകല്‍ അലഞ്ഞു തിരിഞ്ഞ് നടന്ന ശേഷം രാത്രി വഴിയരികിലും പാര്‍ക്കുകളിലുമാണ് ഇയാൾ കിടന്നുറങ്ങുന്നത്. പകല്‍ സമയത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ ആളില്ലാത്ത വീടുകള്‍ കണ്ടെത്തിയാണ് രാത്രി മോഷണത്തിനിറങ്ങുക. മോഷണം നടത്തിയത് ഷെഫീഖാണെന്ന് തിരിച്ചറിഞ്ഞതോടെ നഗരത്തിലെ സിസിടിവി ക്യാമറകള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയായിരുന്നു.
മണക്കാട് ഭാഗത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഇയാള്‍ രാവിലെ മോഷണം നടന്ന ബാലസുബ്രഹ്മണ്യ അയ്യരുടെ വീടിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീടിന്‍റെ രണ്ടാം നിലയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ വഴിയായിരുന്നു ഇയാള്‍ അകത്ത് പ്രവേശിച്ചത്.
Also read : തിരുവനന്തപുരത്ത് വൻ മോഷണം ; വീട്ടില്‍ നിന്ന് കവര്‍ന്നത് 100 പവൻ സ്വർണം
വീട്ടുകാർ ലുലു മാൾ മിഡ്‌നൈറ്റ് ഷോപ്പിംഗിന് പോയതിനിടെ മോഷണം : തിരുവനന്തപുരം പേരൂർക്കടയിൽ വീട്ടുകാർ ലുലു മാൾ മിഡ്‌നൈറ്റ് ഷോപ്പിംഗിന് പോയതിനിടെ മോഷണം. മണ്ണാന്മല പത്മവിലാസം ലെയിനിൽ കാർത്തികേയന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണങ്ങളും ടിവിയും മോഷണം പോയി. മിഡ്‌നൈറ്റ് ഷോപ്പിംഗിന് പോയി പുലർച്ചെ 2:45ഓടെ വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സംഭവത്തിൽ പേരൂർക്കട പൊലീസ് സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. കഴിഞ്ഞ 4 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് നഗരത്തിൽ മോഷണം നടക്കുന്നത്.