തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ തലസ്ഥാനത്ത് എത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസിലെ പ്രതികളെ തെളിവെടുപ്പിന് വിധേയമാക്കുന്നത്. സ്വപ്നയെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റുകളിലും സന്ദീപിനെ അരുവിക്കരയിലെ വാടക വീട്ടിലും കുറവൻകോണത്തെ കളർ ലാബ് ആന്‍ഡ് സ്റ്റുഡിയോയിലും എത്തിച്ചാണ് പരിശോധന നടത്തിയത്.
കനത്ത പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്ലാറ്റിൽ 20 മിനിട്ടോളം തെളിവെടുപ്പ് നീണ്ടു. സന്ദീപ് നായർക്ക് പിന്നാലെ സ്വപ്നയെ സെക്രട്ടേറിയറ്റിനു സമീപത്തെ ഗൂഢാലോചന നടത്തിയ ഹെതർ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് അമ്പലംമുക്കിലെ ടനാ ഫ്ലാറ്റിൽ കൊണ്ടുവന്ന് തെളിവെടുത്തത്. തുടർന്ന് അന്വേഷണ സംഘം സ്വപ്നയുമായി പേരൂർക്കട പൊലീസ് ക്ലബിലേക്കു പോയി.