തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐയും റോയും കേസില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കേസിന്‍റെ രാജ്യാന്തര ബന്ധവും അഴിമതിയും അന്വേഷിക്കാന്‍ എന്‍ഐഎ മാത്രം പോരെന്നും മൂന്ന് കേന്ദ്ര ഏജന്‍സികളും സംയുക്തമായി അന്വേഷണം നടത്തണമെന്നും വെള്ളിയാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതുന്നതിന് പകരം ഇന്നു തന്നെ മന്ത്രിസഭ കൂടി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും കേസിന്‍റെ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന് തെളിവാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ ആരോപണമെന്നും യോഗം വിലയിരുത്തി. തെളിവുണ്ടെങ്കില്‍ ബിജെപി ഹാജരാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും രക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമം യുഡിഎഫ് അനുവദിക്കില്ല. സ്വപ്‌ന സുരേഷിന്‍റെതായി പുറത്തു വന്ന ശബ്‌ദരേഖയുടെ നിജസ്ഥിതി അന്വേഷിക്കണം. ഇത് സ്വപ്‌ന സരേഷിന്‍റെ ശബ്ദം തന്നെയാണെങ്കില്‍ അത് പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ളതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 14ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും. ജൂലായ് 13ന് യുഡിഎഫ് യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.