തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണം അയച്ച ആളെയും വിമാനത്താവളത്തിൽ സ്വീകരിച്ച ആളെയും കണ്ടെത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തുന്നതിന് പകരം സംസ്ഥാന സർക്കാരിനെ അസ്ഥിരമാക്കാനുള്ള കുത്തി തിരിപ്പുകളാണ് ഇവിടെ നടക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രി ഭരണഘടനാ തലവൻ എന്ന നിലയിലയിലാണ് പ്രതികരിക്കുന്നത്. എന്നാൽ പാർട്ടി അത്തരത്തിൽ അല്ല. സർക്കാരും പാർട്ടിയും രണ്ടാണെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി സി.ബി.ഐയെ ഉപയോഗിക്കുന്നതാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ കേന്ദ്ര ഏജൻസികളേയും കയറൂരി വിട്ടാലും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ല. ഒരു വീർപ്പ് മുട്ടലും തങ്ങൾക്കില്ല. ഇതെല്ലാം കണ്ടു തഴമ്പിച്ചവർ തന്നെയാണ്. എല്ലാ അന്വേഷണവും നടക്കട്ടെ എന്നും കോടിയേരി വ്യക്തമാക്കി. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേരളത്തിൽ ബിജെപിയുമായി കോൺഗ്രസ് ചങ്ങാത്തം കൂടുകയാണ്.
ബാബറി കേസിലെ വിധിയെ കുറിച്ച് പ്രതികരിക്കാൻ മുസ്ലിം ലീഗ് അറച്ച് നിൽക്കുകയാണ്. ഭയപ്പെടുത്തി കീഴടക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കീഴടങ്ങുകയാണ് യു.ഡി.എഫ്. ബി.ജെ.പി ആഗ്രഹിക്കുന്നത് നടപ്പാക്കുന്ന സ്ഥിതിയാണ് നിയമ വ്യവസ്ഥയിൽ നടക്കുന്നത്. ബാബാറി കേസിലെ വിധി ഇതിന് ഉദാഹരണമാണ്. ന്യൂനപക്ഷത്തിന്‍റെ സ്വത്തിനും ആരാധനാലയത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സംഭവ പരമ്പരകളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. രാഹുൽ ഗാന്ധിയെ ആക്രമിച്ച യു.പി പൊലീസിന്‍റെ നടപടിയെ അപലപിക്കുകയാണ്. കോൺഗ്രസിനെതിരെയല്ലേ എന്ന നിലപാട് സി.പി.എമ്മിന്നില്ല. ഇത്തരം സംഭവങ്ങളിൽ പ്രതിഷേധം ഉയരണമെന്നും കോടിയേരി പറഞ്ഞു.