തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മൊഴിയെടുക്കുന്നതിനും കേസിലെ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കുന്നതിനും എന്‍ഐഎ സംഘം തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നു. ശിവശങ്കറിന്‍റെ മൊഴി എൻഐഎ രേഖപ്പെടുത്തുമെന്ന സൂചനയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മാധ്യങ്ങളുടെ നീണ്ട നിരയാണ് അദ്ദേഹത്തിന്‍റെ പൂജപ്പുരയിലെ വീടിന് മുന്നിൽ കാത്ത് നിൽക്കുന്നത്.
എന്നാല്‍ ശിവശങ്കറിന്‍റെ മൊഴി എപ്പോള്‍ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്‌നക്കും സന്ദീപിനുമുള്ള ഉന്നത ബന്ധങ്ങളെ കുറിച്ചാണ് പ്രധാനമായും എന്‍ഐഎ അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചതായാണ് വിവരം. ഇരുവരുടേയും ബന്ധുക്കളേയും സംഘം ചോദ്യം ചെയ്‌തു. കേസില്‍ ആദ്യം അറസ്റ്റിലായ സരിത്തിന്‍റെ വീട്ടില്‍ സംഘം റെയ്‌ഡ് നടത്തിയിരുന്നു. സ്വപ്‌നയും ശിവശങ്കറുമായുള്ള കൂടികാഴ്‌ച്ചകളും യാത്രകളും എന്‍ഐഎ അന്വേഷിക്കുണ്ട്. പൂര്‍ണമായും തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ശിവശങ്കറിന്‍റെ മൊഴിയെടുക്കുക. പ്രതിഷേധങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ശിവശങ്കറിന്‍റെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.