തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ യും കസ്റ്റംസും ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് നിയമനം നൽകിയ ഐ.ടി വകുപ്പിനു കീഴിലെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ എൻ.ഐ.എ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതായാണ് വിവരം. ഇക്കാര്യങ്ങൾ സംബന്ധിച്ചാകും എൻ.ഐ.എ ശിവശങ്കറിൽ നിന്നും മൊഴിയെടുക്കുക.
ശിവശങ്കറിൻ്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ ഇന്നലെ വീണ്ടും കസ്റ്റംസ് പരിശോധന നടന്നു. സ്വപ്നയുടെ ഭർത്താവിന് ഇതേ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്യാൻ ശിവശങ്കർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെല്ലോ അരുൺ ബാലചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ കസ്റ്റംസും ശിവശങ്കറിൽ നിന്നും ചോദിച്ചറിയും. കേസിലെ മുഖ്യ പ്രതികളായ സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധം പരിശോധിക്കുന്നതിന് കസ്റ്റംസ് ശിവശങ്കറിൻ്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഒൻപത് മണിക്കൂറാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. അതേ സമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള സർക്കാർ തല അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് കൈമാറിയേക്കും.