തിരുവനന്തപുരം : വിമാനത്താവളത്തിൽ ശരീരത്തിൽ ചേർത്ത് കെട്ടിയ നിലയിൽ സ്വർണം പിടികൂടി. തമിഴ്‌നാട് തൃച്ചി സ്വദേശി ഷാഹുൽ ഹമീദിൽ(35) നിന്നുമായിരുന്നു സ്വർണം പിടികൂടിയത്. ശരീരത്തിൽ ചേർത്ത് കെട്ടി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
42 ലക്ഷത്തോളം രൂപ വില വരുന്ന 803.11 ഗ്രാം സ്വർണമാണ് ഹമീദിൽ നിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പുലർച്ചെ നാല് മണിയോടെ അബുദാബിയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലായിരുന്നു ഇയാൾ എത്തിയത്. തിരുവനന്തപുരം എയർ ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും.
കഴിഞ്ഞ മാസം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 49 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ട് കസ്‌റ്റംസ് വിഭാഗം പിടികൂടിയിരുന്നു. ശരീരത്തിന്‍റെ രഹസ്യഭാഗത്ത് നാല് ഗുളികകളാക്കി ഒളിപ്പിച്ച നിലിയിൽ 1063 ഗ്രാം സ്വർണമാണ് പിടികൂടിയത്. കേസിൽ കുന്നംകുളം സ്വദേശി സംഗീത് മുഹമ്മദാണ് കസ്‌റ്റംസ് പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കൊച്ചിയിലെ സ്വർണവേട്ട. വായ്‌ക്കകത്തും ജ്യൂസ് ബോട്ടിലിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 950 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. ഈ കേസിൽ സ്‌ത്രീയുൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്.