തിരുവനന്തപുരം: മംഗലപുരം ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം വച്ച് സ്വർണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവനോളം സ്വർണം കവർച്ച ചെയ്ത കേസിലെ മുഖ്യ ആസൂത്രകർ പിടിയിൽ. ബാലരാമപുരം സ്വദേശിയായ ചെന്നൈയിൽ താമസിക്കുന്ന സന്തോഷ് ക്ലമന്‍റ്(56), കന്യാകുമാരി പളുകൽ സ്വദേശി സതീഷ് കുമാർ(40), പാലക്കാട് ആലത്തൂർ സ്വദേശി അജീഷ്(30) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. ഏപ്രിൽ 9ന് രാത്രി എട്ട് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തട്ടിപ്പിനായി ഒരുങ്ങിയത് വൻ പദ്ധതി
സ്വർണവ്യാപാരി സമ്പത്തിന്‍റെ കാർ തടഞ്ഞ് മുളക് പൊടി എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് സംഘം സ്വർണം കവരുകയായിരുന്നു. സമ്പത്തിന്‍റെ നെയ്യാറ്റിൻകരയിലെ ജൂവലറിയിലെ ജീവനക്കാരനാണ് അജീഷ്. സമ്പത്ത് മറ്റ് ജൂവലറികളിലേക്ക് സ്വർണം കൊണ്ടുപോകുന്നതിനൊപ്പം പണവും കൊണ്ടുപോകാറുണ്ടെന്ന വിവരം അജീഷ് സുഹൃത്തും ലോറി ഡ്രൈവറുമായ സതീഷിനോട് പറഞ്ഞിരുന്നു. സതീഷ് വിവരം ചെന്നൈയിൽ താമസമാക്കിയ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ സന്തോഷിനെ അറിയിച്ച് കവർച്ചക്കുള്ള പദ്ധതി തയാറാക്കി.
സന്തോഷിന്‍റെ നേതൃത്വത്തിൽ കഴക്കൂട്ടത്തെ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കവർച്ച നടപ്പാക്കി. കവർച്ചക്കായി സംഘം രണ്ട് മാസത്തോളം സമ്പത്തിനെ പിൻതുടർന്ന് യാത്രകൾ മനസിലാക്കി. ഏപ്രിൽ 9ന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്പത്തിന്‍റെ വാഹനം തടഞ്ഞ് ആക്രമിച്ച ശേഷം സ്വർണം കവർന്നു. വാഹനത്തിന്‍റെ ഡ്രൈവറെയും സമ്പത്തിന്‍റെ ബന്ധുവിനെയും മർദിച്ച് അവശരാക്കിയ ശേഷം തട്ടിക്കൊണ്ട് പോയി പോത്തൻകോട് വാവറ അമ്പലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്
കവർച്ചയുമായി ബന്ധപ്പെട്ട് നാൽപ്പത് പവനോളം സ്വർണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സമ്പത്തിന്‍റെ കാറിൽ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചു. മുഖ്യ ആസൂത്രകനായ സന്തോഷിന്‍റെ തമിഴ്നാട്ടിലെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ സതീഷ് തമിഴ്‌നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന കേസിലെ പ്രതിയാണ്.
Also Read: കുമ്പളങ്ങി കൊലപാതകം അതിക്രൂരമായെന്ന് പൊലീസ്
കവർച്ചാ കേസിലെ മുഖ്യആസൂത്രകർ പിടിയിലായതോടെ കവർച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് മംഗലപുരം ഇൻസ്പെക്ടർ എച്ച്.എൽ സജീഷ് പറഞ്ഞു.