തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിലെ നാലാം പ്രതിയും കോർപ്പറേഷൻ കൗൺസിലറുമായ വി ജി ഗിരികുമാറിന് കോടതി ഉപാധികളേടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
50,000 രൂപയുടെ ജാമ്യക്കാർ, എല്ലാ തിങ്കളാഴ്‌ചയും, വ്യാഴാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി ശബരിക്ക് ജാമ്യം അനുവദിച്ചില്ല. മറ്റ് ക്രിമിനൽ കേസുകൾ ഉള്ളതാണ് ഇയാൾക്ക് ജാമ്യം നിരസിച്ചതിന്‍റെ പ്രധാന കാരണം.
രണ്ട് പ്രതികൾക്കും ജാമ്യം അനുവദിക്കരുതെന്നും ഇവർക്ക് ജാമ്യം അനുവദിച്ചാൽ കേസിന്‍റെ അന്വേഷണം തന്നെ അവതാളത്തിൽ ആകുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു തെളിവും കേസിൽ നില നിൽക്കുന്നതല്ല എന്നും പ്രതിഭാഗം മറുപടി നൽകി.
ALSO READ: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗണ്‍സിലറെ അറസ്റ്റ് ചെയ്‌ത് ക്രൈംബ്രാഞ്ച്
2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്‌ണകുമാറാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി പ്രകാശ് 2022 ജനുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്.
ഇതിന് പിറകെ പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത് കേസില്‍ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആശ്രമം കത്തിച്ചെന്ന് ആത്മഹത്യയ്‌ക്ക് മുമ്പ് പ്രകാശ് തന്നോട് പറഞ്ഞെന്നായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ ഇയാൾ പിന്നീട് മൊഴി മാറ്റിയിരുന്നു.
പക്ഷേ ആദ്യ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജെപിയുടെ കൗൺസിലർ ഉൾപ്പടെയുള്ളവര്‍ അറസ്റ്റിലാകുന്നത്. സംഭവത്തിൽ തെളിവുകൾ ഇല്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് ഒന്നാം പ്രതി പ്രകാശിന്‍റെ ആത്മഹത്യയും സഹോദരൻ പ്രശാന്തിന്‍റെ വെളിപ്പെടുത്തലുമുണ്ടായത്.
ALSO READ: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മൂന്നും നാലും പ്രതികൾ പൊലീസ് കസ്‌റ്റഡിയിൽ