തിരുവനന്തപുരം: നിയമസഭ സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തിനെതിരെ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നാമജപ ഘോഷയാത്ര തലസ്ഥാനത്ത് ആരംഭിച്ചു. പാളയം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നാമജപ ഘോഷയാത്ര നടക്കുന്നത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ദീപം, പാളയത്ത് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പ്രതിഷ്‌ഠിച്ച ഗണപതി വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിൽ കൊളുത്തിയ ശേഷമാണ് നാമജപ ഘോഷയാത്ര ആരംഭിച്ചത്.
തങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല ഞങ്ങളുടെ സ്വത്താണ് എന്ന ബാനറുകൾ ഉയർത്തിയാണ് നാമജപ ഘോഷയാത്ര. നൂറുകണക്കിന് എൻഎസ്എസ് പ്രവർത്തകരാണ് നാമജപ ഘോഷയാത്രയിൽ അണിനിരക്കുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ മാതൃകയിലാണ് നാമജപ ഘോഷയാത്ര നടത്തുന്നത്. മാത്രമല്ല ബുധനാഴ്‌ച (02.08.2023) വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻഎസ്എസ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ വിശ്വാസ സംരക്ഷണ ദിനത്തിന്‍റെ ഭാഗമായി എന്‍എസ്എസ് പ്രവര്‍ത്തകര്‍ ബുധനാഴ്‌ച രാവിലെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു.
മാപ്പില്ല, എന്നാല്‍ കരുതല്‍: അതേസമയം ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും ഏതെങ്കിലും മതത്തിനോ മതവിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അറിയിച്ച് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഗണപതി പരാമർശത്തിൽ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കുമെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവാദങ്ങൾക്ക് പിന്നാലെ വിഷയത്തിൽ സ്‌പീക്കർ എ.എൻ ഷംസീറും പ്രതികരിച്ചു.
ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനപ്പുറമൊന്നും തനിക്ക് പറയാനില്ലെന്നും നിയമസഭ സ്‌പീക്കറാണെങ്കിലും താനും പാര്‍ട്ടിയുടെ ഭാഗമാണെന്നും എ.എന്‍ ഷംസീർ വ്യക്തമാക്കി. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ താന്‍ ഉദ്യേശിച്ചിട്ടില്ലെന്നും എല്ലാ മത വിശ്വാസങ്ങളെയും അംഗീകരിച്ചു പോകുക എന്നതാണ് തന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാപ്പ് പറയേണ്ട ഒരാവശ്യവും ഇല്ലെന്നും ജനങ്ങളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണെന്നും അദ്ദേഹം അറിയിച്ചു. താന്‍ മാപ്പ് പറയുക എന്നാല്‍ അതിനര്‍ഥം ഭരണഘടനയെ തള്ളിപ്പറയുക എന്നാണെന്നും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മുമ്പ് പലരും ഇവിടെ പറഞ്ഞിട്ടുണ്ടെന്നും സ്‌പീക്കര്‍ പ്രതികരിച്ചിരുന്നു.
തിരുനക്കരയിലും ഘോഷയാത്ര: സ്‌പീക്കറുടെ ഗണപതി പരാമർശത്തില്‍ എൻഎസ്എസിന്‍റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ വിശ്വാസ സംരക്ഷണ റാലി സംഘടിപ്പിച്ചു.എൻഎസ്എസ് താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ഗണപതി അമ്പലം വരെയായിരുന്നു നാമജപ ഘോഷയാത്ര നടത്തിയത്. ഗണേഷ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നടത്തിയ റാലിയിൽ എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളും പങ്കെടുത്തു.
മാത്രമല്ല ഘോഷയാത്രയുടെ ഭാഗമായി ഗണപതി കോവിലിൽ പ്രാർത്ഥന നടത്തിയ പ്രവർത്തകർ 108 തേങ്ങയുടച്ചു. കോട്ടയം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ, സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ, ഡയറക്‌ടർ ബോർഡംഗം മാടവന ബാലക്യഷ്ണപിള്ള എന്നിവർ ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകി.