തിരുവനന്തപുരം: മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്‌ത ശേഷം മലക്കംമറിഞ്ഞ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍, സ്‌പീക്കര്‍ എ.എന്‍.ഷംസീറിനെ കൂടി തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഭരണഘടന സ്ഥാപനത്തിന്‍റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്‌പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്‌തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്‌തത്. നിയമസഭ സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ സ്‌പീക്കര്‍ തെറ്റ് തിരുത്തി സഭ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്‌ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തിരുത്തല്‍ ആവശ്യപ്പെട്ട്: ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ ഗോവിന്ദന്‍ തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം എന്‍എസ്എസുകാര്‍ക്കെതിരേ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരെ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്‌പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്‌താല്‍ സിപിഎമ്മിന്‍റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.
മണിപ്പൂരിലും ഹരിയാനയിലും വര്‍ഗീയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ചില സാധ്യതകള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിവാദത്തെ സുവര്‍ണാവസരമായി കണ്ട ബിജെപി മിത്ത് വിവാദത്തേയും അതേ ദുഷ്‌ടലാക്കോടെയാണ് കാണുന്നത്. മണിപ്പൂരിനെയും ഹരിയാനയേയും പ്രക്ഷുബ്ധമാക്കിയ ബിജെപിയുടെ തനിപ്പകര്‍പ്പാണ് കേരളത്തിലുമുള്ളത്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് സുധാകരന്‍ വ്യക്തമാക്കി.
സിപിഎമ്മിനും ബിജെപിക്കും എതിരെ: ഇരുതലമൂര്‍ച്ചയുള്ള കത്തിപോലെയാണ് കേരളത്തില്‍ സിപിഎം-ബിജെപി ടീം പ്രവര്‍ത്തിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം-ബിജെപി ഡീലിന് മധ്യസ്ഥത വഹിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി പതിച്ചു നല്‍കിയത് ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടാനുണ്ട്. കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ പകരം സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കി. ഡീലുകള്‍ അതിന്‍റെ വഴിക്കു നടക്കട്ടെ, എന്നാല്‍ കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്ന ഡീലുകള്‍ ഇനിയെങ്കിലും ഇരുകൂട്ടരും ഉപേക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗണപതി മിത്താണെന്ന് എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഈ നിലപാടില്‍ നിന്ന് എം.വി ഗോവിന്ദന്‍ മലക്കം മറിഞ്ഞിരുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്‍ അവകാശപ്പെട്ടത്.
അതിനിടെ സ്‌പീക്കറുടെ പേര് നാഥുറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെയെന്ന് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. മിത്ത് പരാമർശത്തിൽ സ്‌പീക്കർ നിലപാട് തിരുത്തണമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി. ആരും ഒന്നും തിരുത്തിയിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മതവിശ്വാസത്തിനെതിരെയും സ്‌പീക്കർ സംസാരിച്ചിട്ടില്ലെന്നും പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.