തിരുവനന്തപുരം: ഊണിലും ഉറക്കത്തിലും ഒരൊറ്റ ചിന്ത, ഒരേയൊരു സ്വപ്നം അത് സിനിമ മാത്രം. ഇനി സിനിമയാണ് എല്ലാം എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം എറണാകുളം വരാപ്പുഴ സ്വദേശി ഗഗൻ ദേവ് ഡോ. ബി.ആർ അംബേദ്ക്കർ യൂണിവേഴ്സിറ്റിയിലെ ചരിത്ര ബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഡൽഹിയിൽ നിന്നും വണ്ടി കയറി.
ഒടുവിൽ സിനിമയ്ക്ക് പിന്നാലെയുള്ള ഗഗൻ ദേവിൻ്റെ ഓട്ടം അവസാനിച്ചത് ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തീയറ്ററിന് മുന്നിൽ. സിനിമ എന്ന സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. താൻ സംവിധാനം ചെയ്ത 'ആപ്പിൾ ചെടികൾ' എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിന് അതിഥിയാണ് ഈ ഇരുപത്തിമൂന്നുകാരൻ ഇക്കുറി മേളയിൽ എത്തിയിരിക്കുന്നത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് 'ആപ്പിൾ ചെടികൾ' പ്രദർശിപ്പിച്ചത്. ഇത്രയും നാൾ ഡെലിഗേറ്റായി മേളയിൽ പങ്കെടുത്ത് ഇപ്പോൾ അതിഥിയായി പങ്കെടുക്കുമ്പോൾ ഗഗൻ ദേവിനത് അനിർവചനീയമായ അനുഭവം.
ഡോ. ബി.ആർ അംബേദ്ക്കർ യൂണിവേഴ്സിറ്റിയിലെ 2018- 21 ബാച്ചിലെ ചരിത്ര ബിരുദ വിദ്യാർഥിയായ ഗഗന് സിനിമ മോഹം ലഹരിയായപ്പോൾ 2020ൽ പഠനം പൂർണമായും ഉപേക്ഷിച്ചു. സിനിമ എന്ന ലക്ഷ്യത്തിന് സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ടായിരുന്നു. ആദ്യ സിനിമ സംരംഭത്തിൽ അണിയറ പ്രവർത്തകരായും അഭിനേതാക്കളായും അണിനിരന്നതും സുഹൃത്തുക്കൾ തന്നെ.
നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത് കൈമുതലാക്കിയ അനുഭവസമ്പത്ത് ചവിട്ടുപടിയാക്കി ആദ്യ സിനിമ എന്ന ലക്ഷ്യത്തിലേക്ക് പതുക്കെ പതുക്കെ കാലെടുത്തു വച്ചു. ഒരു രാത്രിയിൽ ജെയിൻ എന്ന വ്യക്തിയുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് 'ആപ്പിൾ ചെടികൾ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. വഴി മാറിയെത്തുന്ന അതിഥികളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ജെയിൻ ലളിത ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. തൊഴിൽരഹിത. വീട്ടുടടമസ്ഥന്റെ മകൾ വാടക ചോദിച്ചെത്തുന്നതോടെ ജെയിനിന്റെ ജീവിതം മാറുന്നു. ഇതാണ് ചിത്രത്തിൻറെ കഥാപാശ്ചാത്തലം. ഹാസ്യത്തിന്റെ മേമ്പൊടിയുടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കൈരളി, ശ്രീ, അജന്ത തീയറ്ററുകളിലായി ചിത്രത്തിൻ്റെ മൂന്ന് പ്രദർശനവും കഴിഞ്ഞു. പ്രേക്ഷക പ്രതികരണം ഞെട്ടിപ്പിച്ചു. നാലു വർഷത്തെ പരിശ്രമം വിജയം കണ്ടു. ഗഗന് ഇത് അവിസ്മരണീയ നിമിഷം.
ചലച്ചിത്രമേള നൽകിയ ഊർജം ഇന്ധനമാക്കി സിനിമ എന്ന മൂന്നക്ഷരം കൊണ്ട് ലോകം കീഴടക്കാനുള്ള യാത്രയിലാണ് ഗഗൻ ദേവും സുഹൃത്തുക്കളും.
Read more:ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം; ഇന്ന് 67 സിനിമകള്‍