തിരുവനന്തപുരം: പുതിയ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി സ്‌കൂൾ എഡ്യുക്കേഷൻ ഡെവലപ്‌മെന്‍റ് സൊസൈറ്റി ഓഫ് കേരള (SEDSK). പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ 2022 - 2023 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് എട്ടാമത് ഗവേണിങ് കൗൺസിൽ അംഗീകാരം നൽകിയത്. സമൂഹത്തിൽ പാർശ്വവൽക്കരണ മേഖലയിലും ഗോത്ര മേഖലയിലും ഭിന്നശേഷി മേഖലയിലും ഗുണകരമാകുന്ന നൂതന പദ്ധതികൾ നടപ്പിലാക്കാനും യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
വാർഷിക പദ്ധതി ബജറ്റ്: സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതിയിൽ എലമെന്‍ററി മേഖലയിൽ 535.07 കോടി രൂപയും സെക്കൻഡറി മേഖലയിൽ 181.44 കോടി രൂപയും ടീച്ചർ എഡ്യുക്കേഷൻ മേഖലയിൽ 23.80 കോടി രൂപയും എന്ന രീതിയിലാണ് വാർഷിക പദ്ധതി ബജറ്റ്. 144.93 കോടി രൂപ ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഓട്ടിസം കേന്ദ്രങ്ങളുടെയും കിടപ്പിലായ കുട്ടികളുടെയും വിദ്യാഭ്യാസ പരിശീലനത്തിനായും സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രീ സ്‌കൂൾ പദ്ധതിക്കായി 21.46 കോടി രൂപ, സൗജന്യ യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവയ്‌ക്കായി 116. 75 കോടി രൂപ, അക്കാദമിക - ഇതര പ്രവർത്തനങ്ങൾക്ക് 133 കോടി രൂപ, വിദ്യാലയങ്ങളിലെ അറ്റകുറ്റപ്പണികൾക്കായി 22.46 കോടി രൂപ, അധ്യാപകരുടെ പരിശീലനത്തിനായി 23.80 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
also read: SSLC പരീക്ഷയില്‍ ആദ്യദിനം മധുരമായി മലയാളം ; ആത്‌മവിശ്വാസത്തോടെ വിദ്യാര്‍ഥികള്‍
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ 2023-24 അക്കാദമിക വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിൽ യോഗം അംഗീകരിച്ചു. അടുത്തമാസം ദില്ലിയിൽ വച്ച് നടക്കുന്ന വാർഷിക പദ്ധതി സമർപ്പണ ശില്‌പശാലയിൽ ഭാരവാഹികളും പങ്കെടുക്കും.
ജീവിത നിലവാരം ഉയർത്തി കേരള വികസന മാതൃക: അതേസമയം കേരളത്തിന്‍റെ നിലവിലെ വികസന മാതൃകയെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചിരുന്നു. കേരളത്തിലെ പൗരന്മാർക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കാൻ ഈ മാതൃക ഗുണം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൊബേൽ പുരസ്‌കാര ജേതാവ് അഭിജിത് ബാനർജിയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും തമ്മിലുള്ള സംവേദനാത്മക പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, ലിംഗ വിവേചനങ്ങൾക്കെതിരെ നിരവധി പോരാട്ടങ്ങൾ നടത്തിയും എല്ലാ മേഖലയിലുള്ള ആളുകളേയും ഉൾകൊള്ളിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കിയുമാണ് കേരളത്തിന്‍റെ പൊതുപ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. കൂടാതെ ഉന്നത വിദ്യഭ്യാസ മേഖലയെ ആധുനികവത്‌കരിക്കുകയും യുവാക്കളെ തൊഴിൽ നൈപുണ്യത്തോടെ സജ്‌ജമാക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇടത്തരം വരുമാനമുള്ള രാജ്യത്തിന്‍റെ ജീവിത നിലവാരത്തിലേയ്‌ക്ക് കേരള ജനതയെ ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.