തിരുവനന്തപുരം : നേമത്ത് യുവതിയ്‌ക്ക് നേരെ ആൺസുഹൃത്തിന്‍റെ ആക്രമണം (Murder Attempt Against Woman By Boyfriend). യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു ( Friend Stabbed The Woman In Neck). നേമം സ്വദേശി രമ്യ രാജീവനാണ് കുത്തേറ്റത്. സുഹൃത്തായ ദീപക്കും ആത്മഹത്യക്ക് ശ്രമിച്ചു. നേമം പത്തുമുറി ലൈനിലാണ് സംഭവം.
ഇരുവരും നാല് വർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. ഇന്ന് രാവിലെ 8:15 നായിരുന്നു ദീപക് രമ്യയുടെ വീട്ടിലെത്തിയത്. ഇരുവരും രമ്യയുടെ വീട്ടിലേക്കുള്ള റോഡിൽ നിന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് രമ്യ വീട്ടിലേക്ക് തിരികെ ഓടിപോയി. തുടർന്ന് പിറകെയെത്തിയ ദീപക് രമ്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അയൽവാസികളാണ് കുത്തേറ്റ നിലയിൽ രമ്യയെ വീടിന്‍റെ പരിസരത്ത് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രമ്യയെ കുത്തിയ ശേഷവും ദീപക് വീടിന്‍റെ പരിസരത്ത് തന്നെ നിന്നിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ ദീപക് സ്വയം കഴുത്തും കൈയും മുറിപ്പെടുത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നായിരുന്നു ദീപക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നേമം പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.