തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകൾ ചിങ്ങം ഒന്നിനു ശേഷം സംസ്ഥാനത്തെ റേഷൻ കാർഡുകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻഗണന കാർഡുകാർക്കാണ് ആദ്യം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുക. ആദ്യം എ എ വൈ ( അന്ത്യോദയ അന്ന യോജന ) പിന്നാലെ പി എച്ച് എച്ച്, തുടർന്ന് നീല, വെള്ള കാർഡുകാർ എന്ന ക്രമത്തിലായിരിക്കും വിതരണം.
13 ഉത്പന്നങ്ങളും തുണിസഞ്ചിയുമാണ് ഇത്തവണ നൽകുക. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ കിറ്റുകൾ നൽകും. നിശ്ചിത സമയങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് അവസാന നാലു ദിവസം കാർഡ് വ്യത്യാസമില്ലാതെ കിറ്റ് വിതരണം ചെയ്യും.
വെളിച്ചെണ്ണ ഒഴികെയുള്ള ഉത്പന്നങ്ങളാണ് കിറ്റിൽ ഉണ്ടാവുക. വെളിച്ചെണ്ണ പ്രത്യേകം നൽകും. മുൻവർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാകും ഇത്തവണത്തേതെന്ന് വഞ്ചിയൂരിലെ പാക്കിംഗ് കേന്ദ്രം സന്ദർശിച്ച ശേഷം മന്ത്രി ജി ആർ അനിൽ പറഞ്ഞു.
നിലവിൽ പാക്കിംഗ് ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചുള്ള തീയതിയിൽ കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.