തിരുവനന്തപുരം : ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്‌ത് 'ബ്ലൂ ടിക്' വെരിഫിക്കേഷൻ സൗജന്യമായി ചെയ്‌തു നൽകുന്നുവെന്ന രീതിയിൽ നിങ്ങൾക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ പ്രതികരിക്കേണ്ട (Free Blue Tick Verification Spreading Scam). സംഗതി തട്ടിപ്പാണെന്ന് പൊലീസ്. വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം.
ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപയോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരം വ്യാജ മെസേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ബ്ലൂ ടിക്ക് : പണം നൽകിയവർക്ക് മാത്രം ബ്ലൂ വെരിഫിക്കേഷൻ ചിഹ്നം ലഭിക്കുകയുള്ളു എന്ന നിയമം ട്വിറ്റർ പ്രാവർത്തികമാക്കിയിരുന്നു. ഇതോടെ പ്രമുഖര്‍ക്കും തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ നഷ്‌ടമായി. തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജ് നഷ്‌ടമായതായി സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കും ഇന്ത്യയുടെ ബഹിരാകാരശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയ്‌ക്കും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനും ട്വിറ്റർ ബ്ലൂ ടിക് നഷ്‌ടമായിരുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മോഹൻലാൻ, മമ്മൂട്ടി, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കും ബ്ലൂ ടിക് നഷ്‌ടപ്പെട്ടിരുന്നു.
പണം നൽകുന്നവർക്ക് മാത്രമേ ബ്ലൂ ടിക് വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂ ടിക് നിലനിർത്തണമെങ്കിൽ ട്വിറ്റർ ബ്ലൂവിൽ സൈൻ അപ്പ് ചെയ്യണമെന്നായിരുന്നു കമ്പനി അറിയിച്ചത്. ബ്ലൂ ടിക് ലഭ്യമാക്കുന്നതിനായി നിശ്ചിത തുകയും ഉപയോക്താക്കൾ കമ്പനിക്ക് നൽകണം.
വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് എന്നിവയിൽ ഇൻ-ആപ്പ് പേമെന്‍റിലൂടെ പ്രതിമാസം 11 ഡോളറും വെരിഫിക്കേഷൻ ചിഹ്നത്തിനായി ട്വിറ്റർ ഈടാക്കും. ഇന്ത്യൻ ഉപയോക്താക്കൾ ട്വിറ്റർ ബ്ലൂ സബ്‌സ്ക്രിപ്‌ഷൻ നിലനിർത്താനും അധിക ഫീച്ചറുകൾക്കായും നൽകേണ്ടത് 900 രൂപയാണ്. പുതുതായി അവതരിപ്പിച്ച സബ്‌സ്ക്രിപ്‌ഷൻ പ്ലാനിന് 650 രൂപയാണ് ചെലവ് വരുന്നത്. വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ ടിക് മാർക്ക് സംവിധാനം അവതരിപ്പിച്ചത്. 2009-ലാണ് ട്വിറ്റർ ആദ്യമായി ബ്ലൂ ചെക്ക് മാർക്ക് സംവിധാനം പുറത്തിറക്കിയത്.
നേരത്തെ വെരിഫിക്കേഷൻ ചിഹ്നങ്ങള്‍ക്കായി ട്വിറ്റർ യാതൊരു വിധ നിരക്കും ഈടാക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ഇലോൺ മസ്‌ക് കമ്പനി ഏറ്റെടുത്ത് രണ്ടാഴ്‌ചക്കുള്ളിൽ പ്രീമിയം ആനുകൂല്യങ്ങളിലൊന്നായി ചെക്ക്-മാർക്ക് ബാഡ്‌ജ് അവതരിപ്പിക്കുകയായിരുന്നു.