തിരുവനന്തപുരം: മത്സ്യ കൃഷിയിൽ നൂറുമേനി കൊയ്‌ത് വിജയഗാഥ രചിക്കുകയാണ് കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശി ഫ്രാങ്ക്ളിൻ. എട്ടുവർഷം മുമ്പ് തന്‍റെ രണ്ടേക്കർ പുരയിടത്തിലെ 50 സെന്‍റാണ് ഫിഷറീസിന്‍റെയും, ഒറ്റശേഖരമംഗലം പഞ്ചായത്തിന്‍റെയും സഹായത്തിൽ മത്സ്യ കൃഷിക്കായി ഫ്രാങ്ക്ളിൻ തിരഞ്ഞെടുത്തത്. ഇവിടെ നിർമ്മിച്ച മൂന്നു കുളങ്ങളിലായി സിലോപ്പിയ ,മലേഷ്യൻ വാള, നെറ്റർ തുടങ്ങിയ ഇനങ്ങളിലെ മത്സ്യങ്ങളാണ് പ്രധാനമായി കൃഷിചെയ്യുന്നത്. എട്ടു മാസം കൂടുമ്പോഴാണ് വിളവെടുപ്പ് നടക്കുന്നത്. അരക്കിലോ മുതൽ അഞ്ച് കിലോ വരെയുള്ള മത്സ്യങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വില. ഒപ്പം മത്സ്യ കുഞ്ഞുങ്ങളെയും ഇവിടെ നിന്ന് വില്‍ക്കുന്നുണ്ട്.
ആരോഗ്യമുള്ള 25 മീനുകളിൽ നിന്ന് പ്രതിമാസം മൂവായിരത്തിലധികം മത്സ്യ കുഞ്ഞുങ്ങളെ ലഭിക്കും. ഇതിന് പ്രധാനമായും സിലോപ്പിയെയാണ് തിരഞ്ഞെടുക്കുന്നത്. കുഞ്ഞ് ഒന്നിന് മൂന്നു രൂപ മുതൽ അഞ്ചു രൂപ വരെ വിപണിയിൽ വിലയുണ്ട്. ഫിഷ് ഫുഡിന് പുറമേ ഹോട്ടൽ വേസ്റ്റുകൾ, വിവിധതരം പായലുകൾ തുടങ്ങിയവ ഇവയ്ക്ക് ആഹാരമായി നൽകുന്നുണ്ട്. മത്സ്യകൃഷിക്ക് പുറമെ കമുക്, വാഴ, പപ്പായ, ചീനി , കിഴങ്ങ് തുടങ്ങിയവയും ഇവിടെ ഫ്രാങ്ക്ളിൻ കൃഷി ചെയ്യുന്നുണ്ട്.നല്ല താൽപര്യവും,കുറച്ച് അധ്വാനവും ഉണ്ടെങ്കിൽ മത്സ്യകൃഷിയിൽ നിന്ന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.