തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, എൻഐഎ എന്നി കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലൈഫ് മിഷൻ അഴിമതി ആരോപണത്തില്‍ അന്വേഷണത്തിനായി സിബിഐ രംഗപ്രവേശം ചെയ്യുന്നത്. 20 കോടിയുടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം ഉന്നയിച്ച ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിബിഐ എത്തിയതോടെ പിണറായി സർക്കാരിന്‍റെ പ്രതിച്ഛായ തന്നെ നഷ്ടമാകുന്ന സ്ഥിതിയായി. സ്വർണക്കടത്ത് കേസില്‍ ആദ്യം പ്രതിരോധിച്ചു നിന്ന പിണറായി സർക്കാരിന്‍റെ പ്രതിരോധം ഇതോടെ പൂർണമായും പാളുകയാണ്.
ദുബായ് ആസ്ഥാനമായ റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ട വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ഒൻപത് കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നാണ് യു.ഡി.എഫ് ആരോപണം. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റും യൂണിടാക്കുമായി ഒപ്പിട്ട കരാറിനെ തുടര്‍ന്നാണ് കമ്മിഷന്‍ ആരോപണം ഉടലെടുത്തിരിക്കുന്നത്. സംഭവത്തില്‍ സ്ഥലം എം.എല്‍.എയും തദ്ദേശഭരണ മന്ത്രിയുമായ എ.സി.മൊയ്തീന്‍ കൈക്കൂലി വാങ്ങിയെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു. യു.എ.ഇയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിടും മുന്‍പ് സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും മൂന്ന് ദിവസം മുന്‍പ് ദുബായിലെത്തിയിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട ഒപ്പിട്ട ധാരണാ പത്രങ്ങളുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് പലതവണ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. അതിനിടെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ കേന്ദ്ര നീക്കം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയര്‍ത്തി പ്രതിരോധിക്കാനാണ് സി.പി.എം ശ്രമം. സി.പി.എം സംസ്ഥാന സമിതിയില്‍ ഈ വിഷയം ചർച്ചയാകുന്നുമുണ്ട്.