തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. അത്തരക്കാര്‍ക്കെതിരെ ഡീബാറിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ഐഎഎല്‍ (ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്) ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുന്നതും മറ്റുള്ള പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതും വോട്ട് ചെയ്‌ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി നിയമഭേദഗതി ഉള്‍പ്പെടെ ആവശ്യമാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
എല്‍കെജി വിദ്യാര്‍ഥികളെപ്പോലെ പക്വതയുള്ള മുതിര്‍ന്ന എംപിമാരും എംഎല്‍എമാരും സ്വാധീനിക്കപ്പെടുമെന്ന് ഭയന്ന് അവരെ റിസോര്‍ട്ടുകളിലേക്ക് മാറ്റേണ്ടി വരുന്ന സ്ഥിതി പരിഹാസ്യമാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി രജിസ്റ്റര്‍ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരോഗമന വാദികളായ ജഡ്‌ജിമാരും സ്വന്തം പുരോഗമനം ആഗ്രഹിക്കുന്ന ജഡ്‌ജിമാരുമുണ്ട്.
ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ലഭിക്കുന്ന സ്ഥാന മോഹങ്ങള്‍ ജഡ്‌ജിമാരില്‍ ഇല്ലാതാകണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നാണ് ജഡ്‌ജിമാര്‍ പ്രതിജ്ഞയെടുക്കുന്നത്. അതാണ് ജുഡീഷ്യറിയുടെ പ്രധാന ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സാഹോദര്യം നിലനിര്‍ത്തുകയും മുഴുവന്‍ പൗരന്മാരെയും തുല്യമായ രീതിയില്‍ പരിഗണിക്കുകയെന്നതുമെല്ലാം ഭരണഘടനയില്‍ നിര്‍ദേശിച്ചിട്ടുള്ളവയാണ്. എന്നാല്‍, ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ ജീവിത രീതിയുടെയോ അടിസ്ഥാനത്തില്‍ വേര്‍തിരിവില്ലാതെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യത എന്നത് ഇന്ന് നടപ്പാകുന്നുണ്ടോ എന്നത് ആലോചിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുമാനവും സംരക്ഷണവും നല്‍കുന്ന സ്ഥിതിയാണോ ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം ചോദിച്ചു. വൈവിധ്യമാര്‍ന്ന ജീവിത രീതികളുള്ള ഇന്ത്യയില്‍ ഏകീകരണമല്ല മറിച്ച് ഐക്യമാണ് ഉണ്ടാകേണ്ടത്. ഹിന്ദുമതം എന്ന ആശയം ഇന്ന് നിക്ഷിപ്‌ത താത്‌പര്യക്കാര്‍ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകുകയാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കുറ്റപ്പെടുത്തി. ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തിലുള്‍പ്പെടെ വിഭാഗീയ നിലപാടുകളാണ് എല്ലായിടത്തും ഇന്ന് ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനത്തെ ഐഎഎല്‍ സമ്മേളനം: ജൂണ്‍ രണ്ടിനാണ് ഐഎഎല്‍ 11-ാം ദേശീയ സമ്മേളനം തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അഡ്വക്കേറ്റ് കെപി ജയചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഐഎഎല്‍ ദേശീയ പ്രസിഡന്‍റ് ആര്‍എസ് ചീമ സംഘടന പതാകയും ഉയര്‍ത്തി.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ആര്‍.ഹെഗ്‌ഡെ, ജസ്റ്റിസ് എന്‍.നഗരേഷ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി രണ്ടായിരത്തോളം അഭിഭാഷകരാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട നാല് വിഷയങ്ങളെ കുറിച്ച് സമ്മേളനത്തില്‍ ചർച്ചകൾ നടന്നു. അഡ്വ.കെ.പി ജയചന്ദ്രൻ, അഡ്വ.എ ജയശങ്കർ, അഡ്വ സി.ബി സ്വാമിനാഥൻ, അഡ്വ.പി.എ അയൂബ് ഖാൻ തുടങ്ങിയവര്‍ സംസാരിച്ചു.