തിരുവനന്തപുരം : പണാപഹരണത്തിന്, സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിലുള്ള ആറന്മുള മാവേലി സ്റ്റോറിലെ മുൻ മാനേജർ ഇൻ ചാർജിന് തടവുശിക്ഷ. പത്തനംതിട്ട കുളനട വില്ലേജിൽ 'അശ്വതിയിൽ' കെ.കെ രാമൻ നായർക്കാണ് രണ്ട് വർഷം തടവും, 1,50,000 രൂപ പിഴയും വിധിച്ചത്.
അഴിമതി നിരോധന നിയമത്തിലെ 13(1) (സി) & (ഡി) പ്രകാരമുള്ള കുറ്റത്തിനാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ജഡ്‌ജി എം.ബി സ്നേഹലതയുടേതാണ് വിധി.
2004 മാർച്ച് മൂന്നിനാണ് സംഭവം പുറത്തറിയുന്നത്. ആറന്മുള മാവേലി സ്റ്റോറിലെ വാർഷിക സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുന്നതിന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ അസിസ്റ്റന്‍റ് മാനേജർ സ്റ്റോർ പരിശോധന നടത്തിയപ്പോഴാണ് ഗുരുതരമായ ക്രമക്കേട് കണ്ടത്.
ഇതേതുടർന്ന് കോട്ടയം റീജ്യണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥർ കൂടി വന്ന് സ്റ്റോറിൽ ഉള്ള സ്റ്റോക്കും ക്യാഷ് ബുക്കും ബാങ്കിൽ അടച്ച തുകയും വിശദമായി വിലയിരുത്തി.
ALSO READ: 56 ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ കെഎസ്ഇബി ; നവംബറില്‍ 40 എണ്ണം പൂര്‍ത്തിയാക്കും
ഇതോടെ രാമൻ നായർ 1,24,991.98 രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. കോർപ്പറേഷൻ റീജ്യണല്‍ മാനേജർ ആറന്മുള പൊലീസ് സ്റ്റേഷനിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്‌തു.
പിന്നീട് വിജിലൻസ് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ കോർപ്പറേഷൻ നടപടി എടുത്തതിനെ തുടർന്ന് 50,000 രൂപ തിരിച്ച് അടച്ചു.
വിജിലൻസ് പത്തനംതിട്ട ഡി.വൈ.എസ്.പി ചാൾസ് ബേബിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണിക്കൃഷ്‌ണൻ എസ്. ചെറുന്നിയൂർ ഹാജരായി.