തിരുവനന്തപുരം : മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന സിപിഎം തീരുമാനത്തിലൂടെ കേരളത്തിന് നഷ്‌ടമാകുന്നത് അന്താരാഷ്ട്ര തലത്തിലെ സുപ്രധാന അംഗീകാരം. പുരസ്‌കാര നിരാസം പുരോഗമന കാഴ്‌ചപ്പാടുള്ള വനിത സമൂഹത്തിനും വലിയ നഷ്‌ടമാണ്. കൊവിഡിനെ ഫലപ്രദമായി നേരിടാൻ കേരളത്തിനായി എന്നതിനുള്ള അംഗീകാരമാണ് മുൻ ആരോഗ്യമന്ത്രിയിലൂടെ രാജ്യത്ത് എത്തുമായിരുന്നത്. അത്തരത്തില്‍ ഒരവാര്‍ഡ് സ്വീകരിക്കേണ്ടെന്ന സിപിഎം തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്.
ലോകമാകെ കൊവിഡിന് മുന്നിൽ പതറി നിന്നപ്പോൾ ഇന്ത്യാരാജ്യത്തിന്‍റെ തെക്കേ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനം ഫലപ്രദമായി അതിനെ നേരിടുന്നത് വിസ്‌മയത്തോടെയാണ് അന്താരാഷ്‌ട്ര സമൂഹം കണ്ടുനിന്നത്. കേരളത്തിന്‍റെ ആരോഗ്യ രംഗത്തെ മികവും സംവിധാനങ്ങളും ഉപയോഗിച്ച് ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയായ വനിതയെ പറ്റി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലകുറി വാഴ്‌ത്തിയെഴുതി. ഈ പ്രവര്‍ത്തന മികവാണ് 64-ാമത് രമണ്‍ മാഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ പരിഗണിക്കാന്‍ അവാര്‍ഡ് ഫൗണ്ടേഷനെ പ്രേരിപ്പിച്ചത്.
പുരസ്‌കാരം സ്വീകരിക്കാനുള്ള സന്നദ്ധത കെ കെ ശൈലജയോട് രേഖാമൂലം ആരാഞ്ഞിരുന്നു. നാമനിർദേശത്തിനുശേഷം ഇന്ത്യയിലെ സ്വതന്ത്ര നിലപാടുള്ള ചില പ്രമുഖരുമായും ആശയവിനിമയം നടത്തിയതിന് ശേഷമാണ് ഓഗസ്റ്റ് അവസാനത്തോടെ പുരസ്‌കാര വിഷയത്തില്‍ തീരുമാനമെടുത്തത്.
പാർട്ടിയെ തള്ളാതെ കെ കെ ശൈലജ : സാങ്കേതികത നിരത്തി അംഗീകാരം നിരസിക്കാന്‍ തീരുമാനിക്കുകയായിരുന്നു സിപിഎം നേതൃത്വം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ശാസ്ത്രീയമായ നിലപാടുകളും മികവും സര്‍ക്കാരിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അതിന്‍റെ ക്രെഡിറ്റ് ഏതെങ്കിലും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കേണ്ടതില്ല എന്നുമാണ് സിപിഎമ്മിന്‍റെ ഒരു വാദം. ഫിലിപ്പീന്‍സ് പ്രസിഡന്‍റായിരുന്ന രമണ്‍ മാഗ്‌സസെ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ സ്വീകരിക്കുന്നത് രാഷ്ട്രീയമായി ദൂരവ്യാപകമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നതാണ് മറ്റൊരു വാദം.
അനൗപചാരിക ചര്‍ച്ചകള്‍ക്കുശേഷം പുരസ്‌കാരം നിരസിക്കാന്‍ പാര്‍ട്ടി നേതൃത്വം ശൈലജയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നീട് പുരസ്‌കാരത്തീയതി നിശ്ചയിക്കാന്‍ അവാര്‍ഡ് ഫൗണ്ടേഷന്‍ ബന്ധപ്പെട്ടപ്പോള്‍ പുരസ്‌കാരം സ്വീകരിക്കാനാവില്ലെന്ന് കെ കെ ശൈലജ അറിയിച്ചു.
പുരസ്‌കാര ജേതാവാകുന്ന ആദ്യ മലയാളി വനിത : സമൂഹത്തിനുവേണ്ടി നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് രമണ്‍ മാഗ്‌സസെ അന്താരാഷ്ട്ര പുരസ്‌കാരം നല്‍കുക. പുരസ്‌കാരം സ്വീകരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിരുന്നെങ്കില്‍ കെ കെ ശൈലജ ഈ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയും ആദ്യ കേരളീയ വനിതയുമാകുമായിരുന്നു.
Also Read: കെകെ ശൈലജ മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനം
വര്‍ഗീസ് കുര്യന്‍, എം എസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടി എന്‍ ശേഷന്‍ എന്നീ മലയാളികള്‍ മുമ്പ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനുശേഷമാണ് മാഗ്‌സസെ പുരസ്‌കാരം മലയാളിയെ തേടിയെത്തിയത്. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ വിനോബ ഭാവെ, മദര്‍ തെരേസ, ജയപ്രകാശ് നാരായണ്‍ എന്നിവരും മാഗ്‌സസെ പുരസ്‌കാരം നേടിയവരാണ്.