തിരുവനന്തപുരം: കേരളം മുഴുവൻ ഒരു പഞ്ചായത്തായി കണ്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ മകൻ രാമൻകുട്ടി. കോളജ് കാലത്ത് തന്നെ കണ്ടു പരിചയിച്ച ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് ഫേസ് ബുക്കിലൂടെയാണ് രാമന്‍ കുട്ടി വിശകലനം നടത്തുന്നത്. കെഎസ്‌യുവിലെ സൂപ്പര്‍ താരമായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹം എത്തുമ്പോള്‍ തന്നെ കെഎസ്‌യുകാർക്ക് ഒരു പ്രത്യേക ആവേശമായിരുന്നു. ജനകീയനായ ആ നേതാവ് അതിവേഗം ബഹുദൂരം പോകുമെന്ന് അന്നുതന്നെ മനസിലായി. അതിന് ജോത്സ്യന്‍റെ ആവശ്യം ഇല്ലായിരുന്നു.
- https://m.facebook.com/story.php?story_fbid=pfbid023ubGzTRcvsV9M8EpUdzGXQ38qyT5kmyyU4MgZoTwcQwgRtSrhaW7BKpGjd1uMXipl&id=100002771275038&mibextid=Nif5oz
1970ൽ താൻ ഡിഗ്രി പാസാക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം എംഎൽഎയുമായി. കോൺഗ്രസിന്‍റെ പരമ്പരാഗത പാത അദ്ദേഹം ഉപേക്ഷിച്ചിരുന്നു. അന്ന് പുതിയ ആവേശം സൃഷ്‌ടിച്ച ഇന്ദിരാഗാന്ധിയുടെ അനുയായികളിൽ പ്രമുഖനായിരുന്നു ഉമ്മൻചാണ്ടി. പിന്നീട് എംഎൽഎ, രാഷ്ട്രീയ നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍റെ പ്രവർത്തനം ദൂരെ നിന്ന് കണ്ടു.
ഏറ്റവും കൂടുതൽ മനുഷ്യരെ നേരിട്ട് അറിയുന്ന സ്വന്തം നിയോജക മണ്ഡലം മാറി മത്സരിക്കാനോ കേരളം വിട്ടു പോകാനോ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭരണ യന്ത്രം മാറ്റാൻ അദ്ദേഹം ശ്രമിച്ചില്ല എന്ന വിമർശനമുണ്ട്. എന്നാൽ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് അദ്ദേഹം കാണിച്ചു തന്നു. അതും ഒരുതരത്തിൽ വ്യവസ്ഥിതിക്കെതിരെയുള്ള വെല്ലുവിളിയാണ്.
ഉമ്മൻചാണ്ടിയ്‌ക്ക് അന്ത്യ വിട നൽകാൻ കൂടിയ അഭൂത പൂർവ്വമായ ജനസഞ്ചയം ഈ ശൈലിയെ അംഗീകരിച്ചതിന്‍റെ തെളിവാണ്. അടിമുടി ഒരു രാഷ്ട്രീയക്കാരനായ ഉമ്മൻചാണ്ടിക്ക് ഗ്രൂപ്പുകളിൽ നിന്നും മാറി നിൽക്കാനായില്ല. അതിന്‍റെ തിക്തവശങ്ങൾ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്.
അവസാന കാലത്ത് അർഹിക്കാത്ത തരത്തിലെ ആരോപണങ്ങളും അദ്ദേഹം നേരിട്ടു. എന്നാൽ രാഷ്ട്രീയ എതിരാളികളെക്കാൾ മാധ്യമങ്ങളാണ് അതിന് കാരണം. ആർക്കെതിരെയുമുള്ള എന്ത് ആരോപണവും വാസ്‌തവങ്ങൾ പരിശോധിക്കാതെ ആഘോഷിക്കുന്നത് നമ്മുടെ പൊതുജീവിതത്തിലെ കളങ്കമാണ്. എന്നാൽ സ്‌തുത്യാർഹമായ സമചിത്തതയോടെ അദ്ദേഹം അത് നേരിട്ടു.
ജനങ്ങൾക്കിടയിൽ സമ്മതനായ ഒരു ഭരണകർത്താവിനെയും നേതാവിനെയും നാം ഒരുപാട് കാത്തിരിക്കണമെന്നും ഉമ്മൻചാണ്ടിയുടേത് സഫലമായ ജീവിതമാണെന്നും പൊതുജനാരോഗ്യ വിദഗ്‌ധനും ആരോഗ്യ ഗവേഷകനുമായ രാമൻകുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: ''സ്‌കൂൾ പഠനം കഴിഞ്ഞ് ഞാൻ പ്രിഡിഗ്രിക്ക് ചേർന്നത് തൃശൂർ സെന്‍റ് തോമസ് കോളജിലാണ്. അന്നൊക്കെ കാമ്പസസുകൾ കെഎസ്‌യു അടക്കി വാഴുന്ന കാലം. തൃശൂരിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാർത്ഥി നേതാവ് അന്ന് വിഎം സുധീരൻ ആയിരുന്നിരിക്കണം. മെലിഞ്ഞുണങ്ങി പെൻസിൽ പോലെയുള്ള അന്നത്തെ സുധീരൻ കാമ്പസിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ‘ധീരാ വീരാ വി എം സുധീരാ“ വിളികൾ ഉയരുമായിരുന്നു.
പ്രി ഡിഗ്രി രണ്ടാം വർഷം ഞാൻ ഇൻ്റർ യൂണിവേഴ്‌സിറ്റി ട്രാൻസ്‌ഫർ വാങ്ങി തിരുവനന്തപുരം ആർട്ട്സ് കോളജിൽ ചേർന്നു. (അതിൻ്റെ കാരണങ്ങൾ ഒരു കഥയാണ്. പിന്നീടാകട്ടെ). അവിടെയും കെഎസ്‌യു തന്നെ ആയിരുന്നു മുഖ്യ രാഷ്ട്രീയ പ്രസ്ഥാനം. അന്നത്തെ തിരുവനന്തപുരം നേതാക്കളിൽ ഈയിടെ അന്തരിച്ച പ്രതാപചന്ദ്രനും, നീലലോഹിതദാസനും പ്രമുഖരായിരുന്നു. ഹസൻ ഞങ്ങളുടെ അയൽവാസി ആയിരുന്നതു കൊണ്ട് നേരത്തെ പരിചയം ഉണ്ടായിരുന്നു.
ആർട്ട്സ് കോളജിൽ കെഎസ്‌യുവിന് കാര്യമായി വെല്ലുവിളി ഉയർത്തിയത് തോമസ് ഏബ്രഹാം ആണ്. അദ്ദേഹം സ്വയം പ്രഖ്യാപിത മാർക്‌സിസ്റ്റുകാരൻ ആയിരുന്നെങ്കിലും, അന്നത്തെ പ്രോട്ടൊ- എസ് എഫ് ഐ ആയ കെ എസ് എഫിൽ നിന്ന് അകലം പാലിച്ചു- ആ അഡ്രസിൽ നിന്നാൽ പച്ച തൊടില്ല എന്നദ്ദേഹത്തിനു തോന്നിയിരിക്കണം. അതിനു പകരം, അഖിലേന്ത്യ സ്റ്റുഡെൻ്റ്സ് കോൺഗ്രസ് എന്ന ഒരു സംഘടനയുടെ സ്ഥാനാർത്ഥി ആയിരുന്നു. അതിൻ്റെ നേതാവാകട്ടെ പിന്നീട് പ്രശസ്‌ത ചരിത്രകാരനായ ശശിഭൂഷൺ ആയിരുന്നു.
തോമസിനെപ്പോലെ ഇത്ര ‘അനായാസനിർഗളമായി’ മലയാളത്തിൽ പ്രസംഗിക്കാൻ കഴിവുള്ള അധികം പേരെ ഞാൻ കണ്ടിട്ടില്ല. സഭാകമ്പം കൊണ്ട് മനുഷ്യരുടെ മുഖത്തുനോക്കാൻ പാടുപെട്ടിരുന്ന എനിക്കൊക്കെ ശരിക്കും അസൂയ തോന്നിയിട്ടുണ്ടെന്നുള്ളത് മറച്ചുവെക്കുന്നില്ല. സ്വന്തം നാക്കിൻ്റെ ബലത്തിൽ തോമസ് വിജയത്തിനടുത്തെത്തി; പക്ഷെ വിജയിച്ചില്ല. പിന്നീട് യൂണിവേഴ്‌സിറ്റിയിൽ സിപിഎമ്മിൻ്റെ പ്രതിനിധിയും സിഐടിയു നേതാവുമൊക്കെ ആയ തോമസിൻ്റെ കഴിവുകൾ അവർ ശരിക്ക് പ്രയോജനപ്പെടുത്തിയിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ അറിഞ്ഞത് അദ്ദേഹം വക്കീൽ പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളരെ ഉയർച്ചനേടി എന്നാണ്. പക്ഷെ അദ്ദേഹത്തിനും അന്ന് കെഎസ്‌യുവിൻ്റെ കുത്തക പൊളിക്കാൻ കഴിഞ്ഞില്ല.
കെഎസ്‌യുവിൻ്റെ സൂപ്പർ താരം അന്ന് ഉമ്മൻ ചാണ്ടി ആയിരുന്നു. അദ്ദേഹം എവിടെയെങ്കിലും വന്നാൽ കെഎസ്‌യുക്കാർക്കിടയിലുള്ള ആവേശം ഒന്നു പ്രത്യേകമായിരുന്നു. അന്നു തന്നെ രാഷ്ട്രീയത്തിൽ അദ്ദേഹം അതിവേഗം ബഹുദൂരം പോകുമെന്നറിയാൻ ജോത്സ്യത്തിൻ്റെയൊന്നും ആവശ്യമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഞാൻ പ്രിഡിഗ്രി പാസാകുന്നതിനു മുൻപ് 1970ൽ തന്നെ അദ്ദേഹം എംഎൽഎ ആയി. കോൺഗ്രസിൻ്റെ പരമ്പരാഗത പാത ഉപേക്ഷിച്ച് പുതിയൊരു ആവേശം സൃഷ്‌ടിച്ച ഇന്ദിര ഗാന്ധിയുടെ അനുയായികളായ യുവാക്കളിൽ പ്രമുഖനായിരുന്നു ഉമ്മൻ ചാണ്ടി. ശേഷം ചരിത്രം.
പിന്നീട് ഉമ്മൻ ചാണ്ടിയെ എം എൽ എ, രാഷ്ട്രീയ നേതാവ്, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്ന നിലയിലൊക്ക അകലെ നിന്ന് കണ്ടതേ ഉള്ളൂ. വിദ്യാർഥി ജീവിതം മുതൽ ഞാൻ രാഷ്ട്രീയത്തിൽ നിന്ന് കൃത്യമായ സാമൂഹ്യ അകലം പാലിച്ചിരുന്നതുകൊണ്ട് അതിൽ അദ്ഭുതമില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ തോന്നുന്നത് അദ്ദേഹം ഒരു ‘സമഗ്ര’- (ടോട്ടൽ ) രാഷ്ട്രീയക്കാരൻ ആണെന്നതാണ്. എന്നു വെച്ചാൽ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ രാഷ്ട്രീയത്തിനു മാത്രമെ സ്ഥാനമുള്ളു, വേറെ ഒന്നിലും അദ്ദേഹത്തിനു താത്പര്യവും ഇല്ല.
ഈ ഒരു നിലപാടിൻ്റെ നന്മയും തിന്മയും അദ്ദേഹത്തിൽ ഉണ്ട്. രാഷ്ട്രീയം അദ്ദേഹത്തിനു ഒരുപാടു സ്ഥാന മാനങ്ങൾ നേടിക്കൊടുത്തു എങ്കിലും അവയൊന്നും അദ്ദേഹം സ്വന്തം താല്പര്യങ്ങൾക്ക് ഉപയോഗിച്ചില്ല എന്നതാണ് നല്ല വശം. പരമാവധി മനുഷ്യർക്ക് പരമാവധി ഗുണം ചെയ്യുക എന്ന ദൗത്യം നിർവഹിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതിൽ കക്ഷിരാഷ്ട്രീയമോ, പ്രാദേശികത്വമോ, ജാതിമത പരിഗണനകളോ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവും ‘ഇഫക്റ്റീവ്’ ആയി അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയുന്ന കേരളം വിട്ടുപോകാനോ, ഏറ്റവുമധികം മനുഷ്യരെ നേരിട്ടറിയുന്ന സ്വന്തം നിയോജകമണ്ഡലം മാറി പരീക്ഷിക്കാനോ അദ്ദേഹം മുതിർന്നില്ല. ആരോ എഴുതിയിരുന്നതുപോലെ, കേരളം മുഴുവൻ ഒരു പഞ്ചായത്തായി കണ്ട ഒരു രാഷ്ട്രീയ മനസായിരുന്നു അദ്ദേഹത്തിൻ്റേത്.
സാധാരണ മനുഷ്യരെ സഹായിക്കാൻ ശ്രമിക്കുമ്പോഴും മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ ഭരണയന്ത്രം മാറ്റാൻ അദ്ദേഹം ശ്രമിച്ചില്ല എന്നൊരു വ്യാഖ്യാനം അതിനുണ്ടായിട്ടുണ്ടെന്നു കാണുന്നു. പക്ഷെ പരിമിതികൾക്കുള്ളിൽ ചെയ്യാവുന്നത് എത്രത്തോളമുണ്ട് എന്ന് അദ്ദേഹം കാണിച്ചു തന്നു എന്നുള്ളതാണ് അതിനുള്ള മറുപടി. അതും വ്യവസ്ഥിതിയെ ഒരു തരത്തിൽ വെല്ലുവിളിക്കൽ ആണല്ലോ. അദ്ദേഹത്തിനു അന്ത്യവിട നൽകാൻ കൂടിയ അഭൂതപൂർവമായ ജനസഞ്ചയം ആ ശൈലിയെ അംഗീകരിച്ചു എന്നുള്ളതാണ് അതിൻ്റെ വിജയം.
എന്നാൽ ഒരു ‘അടിമുടി’ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പാർട്ടിയിലെ ഗൂപ്പുകളികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹത്തിനായില്ല എന്നതാണ് അതിൻ്റെ മറുവശം. അതിൻ്റെ ചില തിക്തവശങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുകയും ചെയ്‌തു. അവസാന കാലത്ത് അദ്ദേഹം ഒരിക്കലും അർഹിക്കാത്ത രീതിയിലുള്ള ആരോപണങ്ങളും എതിരിടേണ്ടി വന്നു. പക്ഷെ അക്കാര്യത്തിൽ രാഷ്ട്രീയ എതിരാളികളെക്കാൾ മാധ്യമങ്ങളാണ് ഉത്തരവാദികൾ എന്ന് പറയാം. ആർക്കെതിരെയുമുള്ള എന്ത് ആരോപണവും സത്യാവസ്ഥ പരിഗണിക്കാതെ ആഘോഷിക്കുക എന്നത് നമ്മുടെ പൊതുജീവിതത്തിലെ ഒരു കളങ്കമായിരിക്കുന്നു. എങ്കിലും അതൊക്കെ സ്‌തുത്യർഹമായ സമചിത്തതയോടെ അദ്ദേഹം നേരിട്ടു. എന്തുതന്നെയായാലും ഇതുപോലെ ജനങ്ങൾക്കിടയിൽ സമ്മതനായ ഒരു ഭരണകർത്താവിനെയും നേതാവിനെയും കാണാൻ നാം ഒരുപാടു കാത്തിരിക്കേണ്ടി വരും. സഫലമായ ജീവിതം''